കണ്ണൂർ: ബിനീഷ് കോടിയേരിയുടെ ഇടപാടുകളിൽ പങ്കാളിത്തമുള്ളതായി ഇഡി സംശയിക്കുന്ന ആറു ജില്ലകളിലെ ബിനാമികൾ ഒളിവിൽ പോയതായി സൂചന.
ഇഡിയുടെ നിരീക്ഷണത്തിൽനിന്നാണ് ഇവർ മുങ്ങിയത്. ബിനീഷിന്റെ ഒപ്പമിരുത്തി ഇവരെ ചോദ്യംചെയ്യാനായിരുന്നു ഇഡിയുടെ പരിപാടി. ഇതു മുൻകൂട്ടി കണ്ടാണ് മുങ്ങിയതെന്നു കരുതുന്നു.
ഇഡി ഉദ്യോഗസ്ഥർ ഇവരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. പത്തനംതിട്ട ജില്ലയിൽ ക്വാറി ബിസിനസുമായി ബിനീഷിന്റെ ബിനാമിയെന്ന് സംശയിക്കുന്ന ആളെ ഇഡി ഫോണിൽ വിളിച്ചെങ്കിലും ലഭ്യമായില്ല.
തൃശൂർ ജില്ലയിൽ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ബിസിനസിനാണ് ബിനീഷ് പണം മുടക്കിയതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ബിനീഷിന്റെ ഒപ്പം പ്രവർത്തിക്കുന്നവർ പരിധിക്കു പുറത്താണ്.
ആഡംബര വാഹന വില്പനയുമായി ബന്ധപ്പെട്ട ബിസിനസുകളിൽ ബിനീഷിനു പങ്കാളിത്തമുള്ളതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, തൃശൂർ, പത്തനംതിട്ട എന്നീ ജില്ലകൾക്കു പുറമെ ബംഗളൂരുവിലും മുംബൈയിലും ആണ് പ്രധാനമായും ആഡംബര വാഹനകച്ചവടം.
ഇതിൽ ബിനീഷിനുള്ള പങ്കാളിത്തം അറിയുന്നതിന് ഇഡി ചോദ്യം ചെയ്യാനിരിക്കുന്നവരും മുങ്ങിയിരിക്കുകയാണ്. അതേസമയം, ബിനീഷിന്റെ കസ്റ്റഡി കാലാവധി വരെ ഇഡിക്കു പിടികൊടുക്കാതെ മാറിനിൽക്കാനുള്ള തന്ത്രമാണ് ഇവർ പയറ്റുന്നതെന്ന വിലയിരുത്തലും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്.
ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യൽ ഒഴിവാക്കുകയാണ് ലക്ഷ്യം. ഒന്നിച്ചിരുത്തി ചോദ്യം ചെയ്താൽ മറുപടികളിൽ പൊരുത്തക്കേടു വന്നാൽ തങ്ങളും കുടുങ്ങുമെന്ന് ഇവർക്കു ഭയമുണ്ട്.
അതിനാൽ ബിനീഷിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞശേഷം ഇഡിക്കു മുന്നിലെത്താനാണ് നീക്കമെന്നാണ് കരുതുന്നത്. ഇതിനിടെ, ഒളിവിൽ പോയവർ പാർട്ടി ശക്തികേന്ദ്രങ്ങളിലേക്കോ പാർട്ടിഗ്രാമങ്ങളിലേക്കോ ആണ് മാറിയതെന്ന ആരോപണവും ചില കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്.
ഇതിൽ കാർ പാലസ് ഉടമയെ ദിവസങ്ങൾക്കു മുന്പു തന്നെ ഇഡി വിളിപ്പിച്ചിരുന്നു. എന്നാൽ, ക്വാറന്റൈൻ കാരണം പറഞ്ഞ് ഇദ്ദേഹം സാവകാശം ചോദിച്ചു. പിന്നീട് ഇഡിക്ക് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.