മാന്നാർ: സ്വർണ്ണക്കടത്തു സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ കൊണ്ട് തെളിവെടുപ്പ് നടത്തി.
പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ ആറ്റിൽ ഉപേക്ഷിച്ചുവെന്ന മൊഴിയെത്തുടർന്നാണ് തെളിവെടുപ്പിനായി കോട്ടയ്ക്കൽ കടവിൽ എത്തിച്ചത്.
ദുബായിൽനിന്ന് കഴിഞ്ഞ 19 ന് നാട്ടിലെത്തിയ മാന്നാർ കുരട്ടിക്കാട് വിസ്മയഭവനത്തിൽ ബിന്ദുവിനെയാണ് സ്വർണക്കടത്ത് സംഘം വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയത്.
വീട് ആക്രമിച്ച് അകത്തുകയറാനും യുവതിയെ പുറത്തെത്തിച്ചു കൊടുക്കാൻ വേണ്ട സഹായം ചെയ്തു കൊടുക്കുകയും വാഹനത്തിൽ കടത്തിക്കൊണ്ടു പോകുകയും ചെയ്ത പൊന്നാനി ആനപ്പടി പാലയ്ക്കൽ അബ്ദുൾ ഫഹദ്,
പരവുർ മന്നം കാഞ്ഞിരപ്പറന്പിൽ അൽഷാദ് ഹമീദ്, തിരുവല്ല ശങ്കരമംഗലം വിട്ടിൽ ബിനോ വർഗീസ്, പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ്, പരുമല കോട്ടയ്ക്കമാലി സുബിൻ കൊച്ചുമോൻ എന്നീ പ്രതികളെ കൊണ്ടാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.
ഇന്നലെ രാവിലെ 11ന് മാന്നാർ എച്ച്ഒ എസ്. നുമാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ മാന്നാർ കുരട്ടിക്കാട് കോട്ടയ്ക്കൽ കടവ് പാലത്തിൽ നിന്ന് ആറ്റിലേക്കാണ് കളഞ്ഞതെന്നു പ്രതികൾ പോലീസിനോട് പറഞ്ഞിരുന്നു. പ്രതികൾ കളഞ്ഞആയുധങ്ങൾ ആറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
യുവതിയെ തട്ടിക്കൊണ്ടുപോകാനുള്ള പ്രാദേശിക സഹായം ചെയ്യുന്നതിനു വേണ്ട ആലോചനകൾ മുഴുവൻ നടന്നത് കുരട്ടിക്കാട് കോട്ടയ്ക്കൽ കടവ് പാലത്തിനു സമീപമാണെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.
കൃത്യം കഴിഞ്ഞ് തിരികെ വരുന്നവഴിയാണ് പാലത്തിൽനിന്നും വടിവാൾ, കന്പിപ്പാര തുടങ്ങിയ ആയുധങ്ങൾ പാലത്തിൽനിന്നും വെള്ളത്തിലേക്ക് കളഞ്ഞതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.
പ്രതികൾക്ക് സഹായങ്ങൾ ചെയ്തു നൽകുകയും ബിന്ദുവിന്റെ വീട് കാണിച്ചു കൊടുക്കുകയും ചെയ്ത മാന്നാർ റാന്നി പറന്പിൽ പിറ്ററിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ മൊത്തം ആറ് പ്രതികളാണ് പിടിയിലായത്.
ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരും ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
തെളിവെടുപ്പിനും വൈദ്യ പരിശോധനയ്ക്കും ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യാനുമായി കസ്റ്റഡിയിൽ വാങ്ങും.