കൊച്ചി: സ്വര്‍ണക്കടത്തിലും സര്‍ക്കാര്‍ പദ്ധതികളിലും അന്വേഷണം ഊർജിതമാക്കി മുന്നോട്ടു പോകുന്ന എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കു പുറമെ സിപിഎമ്മിലെ മറ്റുചില ഉന്നതനേതാക്കളുടെ മക്കളിലേക്കും തിരിയുന്നു.
ശിവശങ്കറില്‍നിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരിൽനിന്നു ഫോണിലൂടെ വിവരം തേടി. സ്പ്രിങ്ക്ളര്‍ ഉൾപ്പെടെയുള്ള ഐടി പ്രോജക്ടുകളെക്കുറിച്ചുള്ള വിശദീകരണമാണു ചോദിച്ചത്.
സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും പുറമെ ചിലരുടെ അടുത്ത ബന്ധുക്കളും അമിതമായ സമ്പത്തുണ്ടാക്കിയെന്ന നിഗമനത്തിലാണ് ഇഡി.
സ്പ്രിങ്ക്ളര്‍ വിവാദത്തിൽ ശിവശങ്കര്‍ സ്വയം കുറ്റമേറ്റെടുത്തിരുന്നെങ്കിലും മറ്റൊരു ഉന്നതനും കുടുംബത്തിനുമെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
കമ്മീഷനും കോഴയുമടക്കം പണമൊഴുകിയ വഴികളെക്കുറിച്ചുള്ള വിവരങ്ങൾ ഇഡിക്കു ലഭിച്ചിട്ടുണ്ട്. പല ഐടി പദ്ധതികളിലും ബംഗളൂരു കേന്ദ്രീകരിച്ചുള്ള ഒരു കമ്പനിക്കു ലഭിച്ച കണ്‍സള്‍ട്ടന്‍സി ഫീസിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
കേരളത്തില്‍ വളര്‍ന്നുവരുന്ന ഐടി കമ്പനികളില്‍നിന്നുള്ള ഒരുവിഹിതം ബംഗളൂരുവിലെ കമ്പനിക്കു ലഭിച്ചിരുന്നെന്നാണു സൂചന.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്തശേഷം മാത്രമേ മറ്റുള്ളവരെ വിളിച്ചുവരുത്തൂ. രവീന്ദ്രനെ കൂടാതെ രണ്ടു സെക്രട്ടറിമാരും രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരും ഇഡിയുടെ ലിസ്റ്റിലുണ്ട്.