ജോണ്സണ് വേങ്ങത്തടം
കൊച്ചി: ബംഗളൂരു മയക്കുമരുന്നു കേസില്‍ സിനിമമേഖലയ്ക്കു ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതോടെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ കൊച്ചിയിലെ നിശാപാര്‍ട്ടികളെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
മയക്കുമരുന്നു കേസില്‍ എന്‍ഫോഴ്സ്മെന്റ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ അറസ്റ്റു ചെയ്തതോടെ മയക്കുമരുന്നുകേസില്‍ കൂടുതല്‍ വ്യക്തത തേടിയാണു നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും (എന്‍സിബി) രംഗത്തിറങ്ങിയിരിക്കുന്നത്.
മലയാളസിനിമയിലെ ബിനീഷിന്റെ പങ്കാളിത്തം അന്വേഷിക്കുന്നതിനോടൊപ്പം കൊച്ചിയില്‍ സിനിമക്കാരുടെ നേതൃത്വത്തില്‍ നടന്ന നിശാപാര്ട്ടികളെക്കുറിച്ചുള്ള അന്വേഷണവുമായി എന്‍സിബിയും രംഗത്തിറങ്ങി.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഹോട്ടലുകളും ആഡംബര കപ്പലുകളിലും ദ്വീപുകളിലും സിനിമയിലെ ന്യൂജന്താരങ്ങളുടെയും നിര്‍മാതാക്കളുടെയും നേതൃത്വത്തില്‍ നിശാപാര്‍ട്ടികള്‍ നടത്തുകയും ലഹരിമരുന്നു വിതരണം വ്യാപകമായി നടന്നതായും കണ്ടെത്തി കഴിഞ്ഞു.
ആഡംബര കപ്പലുകളില്‍ ഉള്‍പ്പെടെ പോലീസ് പരിശോധന നടത്തി അറസ്റ്റു ചെയ്തതാണ്. ഇവിടെയെല്ലാം സിനിമക്കാരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്.
പാർട്ടികൾ പുറംകടലിൽ
കൊച്ചിയില്‍ ആഡംബര നൗകയിലെ നിശാപാര്‍ട്ടികള്‍ ഫേസ്ബുക്ക് പേജ് വഴി സംഘടിപ്പിക്കാറുണ്ട്. സിനിമാ നിര്‍മാതാവായ പ്രമുഖന് വരെ ഇതില്‍ പങ്കാളിയാണ്.
ഇയാളുടെ ഫേസ്ബുക്കില്‍നിന്നു പോലീസിനു വിവരം ലഭിക്കുകയും പരിശോധന നടത്തുകയും മയക്കുമരുന്നു കണ്ടെത്തുകയും ചെയ്തിരുന്നു. രാത്രിമുഴുവന്‍ മറൈന്‍ഡ്രൈവില്‍നിന്ന് പുറം കടലിലേക്ക് യാത്ര ചെയ്യുന്ന ആഡംബര നൗകകളിലാണ് നിശാപാര്‍ട്ടി നടത്തുന്നത്.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍നടന്ന നിശാപാര്‍ട്ടികളെ കുറിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. ഇവിടേക്ക് മയക്കുമരുന്നു വിതരണം ചെയ്തിരുന്ന സംഘത്തെ കുറിച്ചാണ് അന്വേഷണ ഏജൻസികൾക്ക് കൂടുതല്‍ അറിയേണ്ടത്.
ബിനീഷിന്റെ പങ്കാളിത്തം
മുഹമ്മദ് അനൂപിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പലനിശാപാര്ട്ടികളിലും വ്യാപകമായി മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നു.
ഈ നിശാപാര്ട്ടികളെല്ലാം സിനിമക്കാരുടെ സജീവസാന്നിധ്യമുണ്ടായിരുന്നു. ഇതില്‍ ബിനീഷിനുള്ള പങ്കാളിത്തമുണ്ടോയെന്നാണ് എന്‍സിബി അന്വേഷിക്കുന്നത്.
ബംഗളൂരു കേസിലെ ഒന്നാം പ്രതി നടി അനിഖ ഉള്‍പ്പെടെ നിരവധി പേര് സിനിമ മേഖലയില്‍നിന്നും മയക്കുമരുന്നു കേസുമായി അറസ്റ്റിലാകുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.
പല പ്രമുഖ സിനിമക്കാരുടെയും വസതികളിൽ പരിശോധനയും നടത്തി. ഇതിനിടയില്‍ മലയാളസിനിമയില്‍ മയക്കുമരുന്നുലോബി സജീവമാണെന്ന അന്വേഷണം ശക്തമാകുകയും കൂടുതല്‍ തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു.
എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്കുള്ള മലയാളസിനിമ ബന്ധമാണ് അന്വേഷണത്തിന്റെ പാത മലയാളസിനിമയിലേക്ക് വ്യാപിപ്പിച്ചത്.
മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപും ബിനീഷ് കോടിയേരിയും തമ്മിലുള്ള ബന്ധമാണ് മലയാളസിനിമയിലെ ലഹരിക്കടത്തിലേക്കും കേസിനെ നയിച്ചിരിക്കുന്നത്.
പ്രതിചേർക്കാൻ
ലഹരി ഇടപാട് കേസില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ക്കാന്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ നീക്കമാരംഭിച്ചു. എന്‍സിബി ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തി ബിനീഷിന്റെ മൊഴികള്‍ പരിശോധിച്ചു.
മയക്കുമരുന്നു കേസില്‍ മുഹമ്മദ് അനൂപ്, ബിനീഷ് കോടിയേരിയുടെ ബെനാമിയാണെന്ന് ഇഡി വ്യക്തമാക്കിയതോടെ ആഭ്യന്തര സുരക്ഷാ വിഭാഗം ബിനീഷിനെ ചോദ്യം ചെയ്യും.
ലഹരിമരുന്നു പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിച്ചതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചത്.
ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ അന്വേഷണം ഹവാല, തീവ്രവാദ ബന്ധങ്ങളിലേക്കാണ് എത്തി നില്‍ക്കുന്നത്. ആഭ്യന്തര സുരക്ഷാ വിഭാഗം ഇതുവരെ എട്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ ചൂതാട്ടകേന്ദ്രങ്ങളുടെ ഭാഗമായ റാക്കറ്റും ഇന്ത്യയില്‍ ലഹരിമരുന്ന് എത്തിക്കുന്നതിനു പിന്നിലുണ്ടെന്നു കണ്ടെത്തിയിരുന്നു.