പത്തനംതിട്ട: പത്തനംതിട്ട ആര്‍ടിഒ ജിജി ജോര്‍ജ് സഞ്ചരിച്ച വാഹനത്തിനു മുമ്പിലെത്തി അഭ്യാസ പ്രകടനം നടത്തിയ ന്യൂജെന്‍ ബൈക്കുകാരനെ കൈയോടെ പിടികൂടി, വാഹനം കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ തിരുവല്ല രാമന്ചിറയ്ക്കു സമീപം എംസി റോഡിലാണ് സംഭവം. പത്തനംതിട്ട ഓഫീസിലേക്കു വരികയായിരുന്ന ആര്‍ടിഒയുടെ വാഹനത്തിനു മാര്‍ഗതടസം സൃഷ്ടിച്ച് റോഡില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവാണ് കുടുങ്ങിയത്.
ബൈക്കിന്റെ പിന്‍വശത്തെ നമ്പര്‍പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലായിരുന്നു.
തിരുവല്ല ഭാഗത്തേക്ക് അമിതവേഗത്തിലും അപകടകരമായ രീതിയിലും ഓടിച്ചുപോയെങ്കിലും ഇതിനെ പിന്തുടര്‍ന്ന ആര്‍ടിഒയുടെ വാഹനം തിരുവല്ല നഗരത്തിലെ പെട്രോള്‍ പമ്പില്‍ നിന്ന് ബൈക്ക് കസ്റ്റഡിയിലെടുത്തു.
പെട്രോള്‍ നിറയ്ക്കാനായി പമ്പിലേക്കു കയറിയ ബൈക്ക് ആര്‍ടിഒ പിടികൂടി ലോക്ക് ചെയ്തു. തുടര്‍ന്ന് തിരുവല്ല മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി.
ഇതിനിടെ ബൈക്ക് ഓടിച്ചിരുന്നയാള്‍ ഓടിരക്ഷപെട്ടു. മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് ടീം വാഹനം റിക്കവറി വാഹനവുമായി എത്തി ബൈക്ക് ജോയിന്റ് ആര്‍ടി ഓഫീസിലെത്തിച്ചു.
തുടര്‍ പരിശോധനയില്‍ വാഹനം ഓടിച്ചിരുന്നയാള്‍ക്ക് ലൈസന്‍സില്ലെന്നു വ്യക്തമായി.
വാഹനം നിയമാനുസ തമല്ലാത്ത രീതിയില്‍ രൂപമാറ്റം വരുത്തിയിട്ടുണ്ട്. പിഴയായി 17000 രൂപയായി നിശ്ചയിച്ച് നോട്ടീസ് തയാറായിട്ടുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.