അമേരിക്കൻ പ്രസിഡന്റിന്റെ ഒൗദ്യോഗിക വസതിയായ വൈറ്റ് ഹൗസ് സുരക്ഷാ വിഭാഗത്തിന്റെ ഭാഗമായ ബെൽജിയൻ മാലിനോയിസ് നായ ഇനി മധ്യപ്രദേശ് പോലീസിന്റെ ഭാഗം. ഇത്തരത്തിൽ രണ്ടു നായകളെയാണ് മധ്യപ്രദേശ് പോലീസ് ഡോഗ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. പാക്കിസ്ഥാനിൽ ഒസാമ ബിൻ ലാദനെ വധിച്ച അമേരിക്കൻ കമാൻഡോ ടീമിന്റെ ഭാഗമായിരുന്നു ബെൽജിയൻ മാലിനോയിസ് നായകൾ.
രണ്ടു ബെൽജിയൻ മാലിനോയിസ് നായകളെ കൂടാതെ 12 ജർമൻ ഷെപ്പേർഡ് നായകളെയും 12 ഡോബർമാൻ നായകളെയുമാണ് മധ്യപ്രദേശ് സർക്കാർ പോലീസിലെടുത്തത്. ഹൈദരാബാദിൽനിന്നാണ് ഇവയെ വാങ്ങിയത്. രാജ്യത്ത് ആദ്യമായാണ് ബെൽജിയൻ മാലിനോയിസ് നായകളെ സംസ്ഥാന പോലീസ് ടീമിൽ ഉൾപ്പെടുത്തുന്നതെന്ന് ഭോപ്പാൽ 23 ബറ്റാലിയൻ ഡോഗ് സ്ക്വാഡ് ഓഫീസർ എ.പി. സിംഗ് അറിയിച്ചു.
ഒന്പതു മാസമാണ് ഇവയ്ക്കു പരിശീലനം നൽകേണ്ടത്. ഒരു മാസം ഒരു ലക്ഷം രൂപ ഇവയുടെ പരിപാലനത്തിനു ചെലവ് വരും. പോലീസിൽ ഉൾപ്പെടുത്തിക്കഴിഞ്ഞാൽ ഒരു മാസം ഏകദേശം 8000 രൂപ ഇവയ്ക്കായി ചെലവാക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.
സംശയകരമായ മനുഷ്യസാന്നിധ്യവും സ്ഫോടക വസ്തുക്കളും കൃത്യമായി കണ്ടെത്താൻ കഴിയുന്നവരാണ് ബെൽജിയൻ മാലിനോയിസുകൾ. കുരയ്ക്കുന്നതിനു പകരം തല കുലുക്കിയാണ് ഇതു സന്ദേശം കൈമാറുന്നത്. വലിയ മൂക്കും വലിയ തലയുമുള്ള ബെൽജിയൻ മാലിനോയിസുകളെ രാജ്യത്ത് നേരത്തെ ഇന്തോ-തിബറ്റൻ ബോർഡർ സുരക്ഷാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.