വാഷിംഗ്ടൺ: ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദന്റെ തലയ്ക്കു വിലയിട്ട് അമേരിക്ക. അല്‍ക്വയ്ദ നേതാവായ ഹംസയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 70800000 രൂപ) വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹംസ എവിടെയാണെന്നതു സംബന്ധിച്ച് വിവരം നൽകുന്നവർക്കാണ് സമ്മാനം നൽകുന്നത്.
യുഎസ് നയതന്ത്ര സുരക്ഷാ അസിസ്റ്റന്റ് സെക്രട്ടറി മൈക്കൽ ടി. ഇവാനോഫ് ആണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഹംസ ബിൻ ലാദൻ പാക്-അഫ്ഗാൻ അതിർത്തിയിൽ ഉണ്ടായിരിക്കാനാണ് സാധ്യത. ഇറാനിലേക്കുപോയിരിക്കാനും സാധ്യതയുണ്ടെന്നും മൈക്കൽ ഇവാനോഫ് പറഞ്ഞു. അല്‍ക്വയ്ദയെയും അവരുടെ ഭാവി നേതാക്കളെയും നേരിടുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹംസ ലാദൻ അല്‍ക്വയ്ദയുടെ പുതിയ നേതാവായി വളർന്നുവന്നിരിക്കുകയാണ്. അമേരിക്കയ്ക്കും അതിന്റെ സഖ്യകക്ഷികൾക്കും എതിരായി ആക്രമണം നടത്താൻ ആഹ്വാനം ചെയ്ത് ഹംസ വീഡിയോ ഓഡിയോ ടേപ്പുകൾ പുറത്തുവിട്ടിട്ടുണ്ട്. ഹംസ ലാദനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിക്കുകയാണെന്നും ഇവാനോഫ് അറിയിച്ചു.
ലാദന്റെ ജീവിച്ചിരിക്കുന്ന മൂന്ന് ഭാര്യമാരിലൊരാളായ ഖൈറാ സബറിന്റെ മകനാണ് ഹംസ. അബോട്ടാബാദിൽ ലാദനൊപ്പമുണ്ടായിരുന്നത് ഖൈറയാണ്. ലാദൻ കൊല്ലപ്പട്ടതിനുശേഷം അമേരിക്കയ്ക്കും ഫ്രാൻസിനും ഇസ്രായേലിനുമെതിരെ യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്ത് ഹംസ രംഗത്തെത്തിയിരുന്നു. ലാദന്റെ മറ്റൊരു മകൻ അബോട്ടാബാദിലെ റെയ്ഡിനിടെ കൊല്ലപ്പെട്ടിരുന്നു.
തന്റെ പകരക്കാരനായി ലാദൻ പരിഗണിച്ചിരുന്നത് ഹംസയെ ആയിരുന്നു എന്ന് ലാദനെഴുതിയ കത്തുകളിൽ നിന്ന് വ്യക്തമായിരുന്നു. 2011 മേയ് രണ്ടിന് അബോട്ടാബാദില്‍ യുഎസ് നടത്തിയ അതീവ രഹസ്യ ഓപ്പറേഷനിലാണ് ബിന്‍ ലാദന് കൊല്ലപ്പെട്ടത്.