വി.ആര്‍. അരുണ്‍കുമാര്‍
കൈലിമുണ്ട്, സാധാരണക്കാരുടെ പ്രതീകമായ വള്ളിചെരുപ്പ്, ജീന്‍സ് മോഡല്‍ ഷര്‍ട്ട് ഈ വേഷത്തില്‍ ഒരാള്‍ ഭൂതത്താന്‍കെട്ടില്‍ കഴിഞ്ഞ ദിവസം നടന്ന ഫോര്‍വീല്‍ മഡ്‌റേസില്‍ ഒരു മേജര്‍ ജീപ്പുമായി എത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി. മറ്റാരുമല്ല കോട്ടയം ജില്ലയിലെ പാലാ കവീക്കുന്ന് ചീരാംകുഴിയില്‍ ബിനോയാണ് ആ സൂപ്പര്‍ താരം. ഒന്നും രണ്ടും സ്ഥാനം നേടിയ ജേതാക്കളെക്കാലും ഏറ്റവും കൂടുതല്‍ കൈയടിയും ജനപ്രീതിയും നേടിയത് ബിനോയാണ്. അതിനു കാരണം ബിനോയുടെ വേഷവിധാനം തന്നെ. മടക്കികുത്തിയ കൈലിമുണ്ടും റബര്‍ ചെരിപ്പും ഒരു ഷര്‍ട്ടും മാത്രം മതി ബിനോയ്ക്ക് ഇന്ത്യയിലെവിടേയും ഒരു ഓഫ് റോഡ് റേസിംഗിനിറങ്ങാന്‍. സംവിധായകന്‍ ആഷിക് അബു ഉള്‍പ്പെടെയുള്ള പ്രമുഖരാണ് ബിനോ കൈയിലി മുണ്ട് ഉടുത്ത് ജീപ്പിന്റെ മുകളില്‍ കയറി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
പാലാ ചീരാംകുഴിയില്‍ ബിനോയും അനുജന്‍ ജോസും ഓഫ് റോഡ് റേസിംഗിലേക്ക് ഇറങ്ങിയിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബിനോ ആദ്യമായി ജീപ്പ് ഓടിക്കുന്നത്. പിതാവ് ജോസഫിനു നിലമ്പൂര്‍ കല്ലാമൂലയില്‍ റബര്‍ തോട്ടമുണ്ടായിരുന്നു. കൊടും കാടിന്റെ ഒത്തനടുക്കാണ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടം. വലിയ മലകള്‍ കടന്നുവേണം റബര്‍തോട്ടത്തിലേക്ക് എത്തിപ്പെടാന്‍. തോട്ടത്തിലേക്കുള്ള വഴി വലിയ കല്ലും പാറകളും നിറഞ്ഞതായിരുന്നു. ആ വഴിയിലൂടെയാണ് ബിനോയും ജോസും ജീപ്പ് ഓടിച്ച് പഠിച്ചത്. ആ മലകളിലൂടെ ജീപ്പോടിക്കുന്നതിലും വലിയ സംഭവമൊന്നുമല്ല മത്സരത്തിനുവേണ്ടി കൃതൃമമായി ഒരുക്കിയ ട്രാക്കുകളെന്നുന്നു ബിനോ പറയുന്നു. പിതാവിന്റെ വഴിയെ ക്വാറി ബിസിനസിലേക്കിറങ്ങിയെങ്കിലും റേസിംഗ് അന്നു മുതലേ ഇരുവര്‍ക്കും ഹരമായിരുന്നു.
പാലായില്‍ 2014 ല്‍ നടന്ന മത്സരത്തിലാണ് ബിനോയും സഹോദരന്‍ ജോസും ആദ്യമായി പങ്കെടുക്കുന്നത്. അന്നു നടന്ന മത്സരത്തില്‍ സമ്മാനങ്ങളൊന്നും നേടാന്‍ ചീരാംകുഴി ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ബിനോയ്ക്കും ജോസിനും കഴിഞ്ഞില്ല. എന്നാലും ഓഫ് റോഡ് റേസിംഗിനോടുള്ള കമ്പം ഇരുവരും വിട്ടില്ല. പിന്നീട് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന ഓഫ് റോഡ് റേസിംഗില്‍ ചീരാംകുഴി ബ്രദേഴ്‌സ് നേടിയ സമ്മാനങ്ങള്‍ക്ക് കൈയും കണക്കുമില്ല. എവിടെ റേസിംഗിനു ഇറങ്ങിയാലും കൈയടിയും ജനപ്രീതിയും ബിനോയും ജോസും സ്വന്തമാക്കും. 2004 മോഡല്‍ മേജര്‍ ജീപ്പും 2001 മോഡല്‍ ജിപ്‌സിയുമാണ് ചീരാംകുഴി ബ്രദേഴ്‌സ് റേസിംഗിനായി ഉപയോഗിക്കുന്നത്. ഓഫ് റോഡ് റേസിംഗിനായി നാലു ടയറുകളും മാറി, മുന്‍വശത്ത് വിഞ്ചും ഘടിപ്പിച്ചതല്ലാതെ യാതൊരുവിധ മോഡിഫിക്കേഷനും മേജര്‍ ജീപ്പില്‍ വരുത്തിയിട്ടില്ല. ജിപിഎസ് അടക്കമുള്ള ആധുനിക സംവിധാനങ്ങളോ, സപ്പോര്‍ട്ടിംഗ് ടീമോ, റേസര്‍ കോസ്റ്റിയൂമോ ഇവര്‍ക്കില്ല.
ചീരാംകുഴി വീടിനോട് ചേര്‍ന്നു തന്നെ ചെറിയ വര്‍ക്് ഷോപ്പും ബിനോയുടെയും ജോസിന്റെയും ഉടമസ്ഥതയിലുണ്ട്. റേസിംഗിനു ശേഷം ഇരുവരും ചേര്‍ന്നാണ് വര്‍ക്്‌ഷോപ്പിലിട്ട് വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തുന്നത്. ഇന്ത്യന്‍ മില്‍ട്ടറിയില്‍ നിന്നും ലേലത്തിനെടുക്കുന്ന വാഹനങ്ങള്‍ മോഡിഫിക്കേഷന്‍ വരുത്തി വില്‍പന നടത്തുകയും ഇവര്‍ ചെയ്യുന്നുണ്ട്.
ഭൂതത്താന്‍കെട്ടില്‍ നടന്ന ഓഫ് റോഡ് റേസിംഗിനിടെയുള്ള ചിത്രങ്ങളിലൂടെയാണ് ബിനോ മലയാളികളുടെ മനസ് കീഴടക്കിയത്. ഭൂതത്താന്‍കെട്ട് ഫെസ്റ്റിലെ ഫോര്‍വീല്‍ മഡ് റേസില്‍ (ഡീസല്‍) മൂന്നാം സ്ഥാനമാണ് ബിനോ നേടിയത്. എന്നാല്‍ മറ്റുജേതാക്കളേക്കാളും ജനപ്രീതിയാണ് മുണ്ടും കൈലിയുമുടുത്ത് തനിനാടനായി ഓഫ് റോഡ് മഡ് റേസിംഗിനിറങ്ങിയ ബിനോയ്ക്ക് കിട്ടിയത്. സഹോദരന്‍ ജോസും മത്സരത്തിലുണ്ടായിരുന്നെങ്കിലും ജോസ് ഓടിച്ച ജിപ്‌സിയുടെ മുമ്പിലെ ആക്‌സില്‍ ഒടിഞ്ഞു പോയതിനാല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പാലാ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കേരള അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ (കാസ്ക്) അംഗങ്ങളായ ഇവര്‍ ഭൂതത്താന്‍ക്കെട്ട് ഓഫ് റോഡ് റേസടക്കം 15ഓളം ട്രോഫികളാണ് 2016ല്‍ ഇതുവരെ സ്വന്തമാക്കിയത്.
നേരത്തെ രാജ്യാന്തരതലത്തില്‍ പ്രശ്‌സതമായ ഗോവ ക്ലബ് ചലഞ്ചില്‍ കോഴിക്കോട് ആസ്ഥാനമായ ടീം ഫ്‌ളൈ വീലിന് വേണ്ടി മത്സരിക്കാനിറങ്ങിയ ഇവര്‍ മൂന്നാം സ്ഥാനവുമായാണ് നാട്ടിലേക്ക് മടങ്ങിയത്. കേരളത്തില്‍ ദേശീയ നിലവാരത്തില്‍ ആദ്യമായി തൃശുരില്‍ സംഘടിപ്പിച്ച മണപ്പുറം ബീച്ച് ഫെസ്റ്റിവലിലെ ബീച്ച് റേസില്‍ ഒന്നാം സ്ഥാനം ഇവര്‍ കരസ്ഥമാക്കിയത് അമ്പതോളം പേരെ മറികടന്നാണ്.പാലായിലെ കാര്‍ഷിക കുടുംബത്തിലാണ് ഇരുവരും ജനിച്ചത്. സഹോദരന്‍ ബിജോ. ബിനോയുടെ ഭാര്യ ആശ. മക്കള്‍ റിയ,റോസ്, റോണ, ജോസുകുട്ടന്‍. ജോസിന്റെ ഭാര്യ മരിയറ്റ.് രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത് പ്രിയ, ടെസ. വീരനായകനെ പോലെ സോഷ്യല്‍മീഡിയയില്‍ ആഘോഷിക്കപ്പെടുമ്പോഴും അതില്‍ മതിമറന്ന സന്തോഷിക്കാനൊന്നും ബിനോയും ജോസും തയാറാല്ല. അടുത്ത മത്സരത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ഇരുവരും.