മാവേലിക്കര: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയി കോടിയേരിയും ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്ത് വിജയനും ഉൾപ്പെട്ട കോടികളുടെ ദുബായ് തട്ടിപ്പ് കേസിൽ യാത്രാവിലക്കിൽപ്പെട്ട ബിനോയിക്ക് നാട്ടിലെത്താൻ കൂടുതൽ തുക അടയ്ക്കേണ്ടിവരും.
ജാസ് ടൂറിസം കന്പനി ഉടമ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖി രാഖുലിനോടും അഭിഭാഷകനായ ജോസ് ആലയോടുമാണ് ഇതേപ്പറ്റിയുള്ള വിവരങ്ങൾ പറഞ്ഞത്. നിലവിൽ പത്തുലക്ഷം ദിർഹത്തിന്റെ(1.74 കോടി രൂപ) കേസാണ് ദുബായ് കോടതിയിൽ ഉള്ളത്. ഈ തുക അടച്ചാൽ ബിനോയിക്ക് യാത്രവിലക്ക് നീക്കാം.
എന്നാൽ പലപ്പോഴായി നൽകിയ 13 കോടിയുടെ രേഖകൾ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു അൽ മർസൂഖി അറിയിച്ച തായി രാഖുൽ കൃഷ്ണയും അഭിഭാഷക ൻ ജോസ് ആലയും പറഞ്ഞു.
പൂർണമായ തുക കെട്ടിവെയ്ക്കാതെ ബിനോയിക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കില്ലായെന്ന് രാഖുലിന്റെ അഭിഭാഷകൻ ജോസ് ആല പറയുന്നു. ജാസ് ടൂറിസത്തിന്റെ പരാതിയെ തുടർന്ന് ദുബായ് കോടതിയാണ് ബിനോയിക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
യുഎഇ ക്രിമിനൽ മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷമാണ് കേരളത്തിലായിരുന്ന ബിനോയ് ദുബായിലേക്ക് പോയത്. ഇതിനുപിന്നാലെയാണ് ദുബായ് കോടതി സിവിൽ കേസ് എടുത്തതും യാത്രാവിലക്ക് ഏർപ്പെടുത്തുന്നതും.
ജാസ് കന്പനിയെ ഈ നീക്കത്തിലേക്ക് എത്തിച്ചത് കഴിഞ്ഞ ദിവസം അറബി കേരളത്തിൽ എത്തി ബുദ്ധിമുട്ടേണ്ട കാര്യമില്ലെന്നും ബിനോയ് ദുബായിലുണ്ടെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളിയാണെന്നും സൂചനയുണ്ട്. ക്രിമിനൽ മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങിയെടുത്ത ബിനോയിയുടെ നടപടിയും പിന്നാലെയു ണ്ടായി.
കേരളത്തിൽ ബിനോയിക്ക് എതിരെയുള്ള വാർത്താ സമ്മേളനം നടത്താനായി അൽ മർസൂഖി എത്തിയിരുന്നു. എന്നാൽ ശ്രീജിത്തി വിജയനെതിരെയുള്ള വാർത്തകൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് വാർത്താ സമ്മേളനം മാറ്റി വെച്ച് തിരികെ പോകുകയായിരുന്നു. ശ്രീജിത്തും ബിനോയിയും ഒരു പോലെ ഉൾപ്പെട്ട കേസായതിനാൽ ഒരാളുടെ വിവരം മാത്രമായി പറയാൻ സാധിക്കുകയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രസമ്മേളനം മാറ്റിവെച്ചത്. കരുനാഗപ്പള്ളി കോടതിയുടെ വിലക്കു നീക്കുവാൻ കൂടുതൽ സമയം എടുക്കുമെന്നുള്ളത് കൊണ്ടാണ് അൽ മർസൂഖി ദുബായിലേക്ക് മടങ്ങിയത്. അതേസമയം പ്രശ്നപരിഹാരത്തിനായി പല ഭാഗത്തു നിന്നും ഒത്തു തീർപ്പിനായുള്ള ശ്രമവും സജീവമാണ്.
ബിനോയി കോടിയേരി വിവാദം നിയമസഭയിൽ
തിരുവനന്തപുരം: ബിനോയി കോടിയേരി വിവാദം നിയമസഭയിൽ ചർച്ച. അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ദുബായിൽ യാത്രാവിലക്കുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയി കോടിയേരിക്കെതിരെയുള്ള സാന്പത്തിക തട്ടിപ്പ് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയയന്തിരപ്രമേയത്തിന് നോട്ടീസ് നൽകിയത്.് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
ലോക കേരളസഭയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്നും ഇത് പ്രവാസി മലയാളികൾക്കാകെ നാണക്കേടാണെന്നും അനിൽ അക്കര സഭയിൽ പറഞ്ഞു. ഭരണത്തിന്റെ തണലിലാണ് രണ്ട് എംഎൽഎമാരുടെ മക്കളും കോടിയേരി ബാലകൃഷ്ണന്റെ മക്കളും സാന്പത്തിക തട്ടിപ്പ് നടത്തുന്നതെന്നും അനിൽ അക്കര പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ മക്കൾക്കും, വിജയൻപിള്ള എംഎൽഎയുടെ മകനെതിരെയും ഇ.പി.ജയരാജന്റെ മകനെതിരെയും ദൂബായിൽ കേസുകൾ ഉണ്ടെന്നും അനിൽ അക്കര പറഞ്ഞു. ആരോപണ വിധേയർ ഈ വിഷയത്തിൽ വിശദീകരണം നൽകിയിട്ടുണ്ടെന്നും ചർച്ചയ്ക്ക് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
വിദേശത്തെ സാന്പത്തിക ഇടപാട് സഭയിൽ ഉന്നയിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചന്തയിൽ പറയുന്ന കാര്യങ്ങൾ സഭയിൽ വന്ന് പറയരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയലാർ രവിയുടെ മകനെതിരെ മുൻപ് ആരോപണം വന്നപ്പോൾ സഭയിൽ ചർച്ച ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ ഭരണപക്ഷം ബഹളം വച്ചു.
ഒത്തു തീർപ്പിന്റെ വാതിൽ അടഞ്ഞിട്ടില്ല: രാഖുൽ കൃഷ്ണൻ
മാവേലിക്കര: ദുബായ് ജാസ് കന്പനിയുടെ കോടികൾ തട്ടിപ്പ് നടത്തിയ കേസിൽ ബിനോയ് കോടിയേരിക്കും ശ്രീജിത്ത് വിജയനും ഒത്തുതീർപ്പിന്റെ വാതിൽ അടഞ്ഞിട്ടില്ലെന്ന് ജാസ് കന്പനിയുടെ പാർട്ട്ണർ രാഖുൽ കൃഷ്ണനെ ഉദ്ധരിച്ച് അഭിഭാഷകൻ.
മാവേലിക്കര ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി രണ്ടിൽ ശ്രീജിത്ത് വിജയനെതിരെയുള്ള കേസ് തെളിവ് ഹാജരാക്കലിനായി പരിഗണിച്ചപ്പോഴും ഒത്തുതീർപ്പ് വിവരം കോടതിയെ അറിയിച്ചിരുന്നു. ഇന്നും ആ സാഹചര്യം തന്നെ നിലനിൽക്കുകയാണെന്നും പണം തിരികെ നൽകിയാൽ കേസ് പിൻവലിക്കാൻ താനും ജാസ് കന്പനിയും തയ്യാറാണെന്നും രാഖുൽ കൃഷ്ണൻ അറിയിച്ചതായാണ് അഭിഭാഷകൻ പറഞ്ഞത്.