മുംബൈ: ലൈംഗിക പീഡന കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ബുധനാഴ്ച. മുംബൈ ദിൻഡോഷി കോടതി കേസിൽ വാദം പൂർത്തിയാക്കി ഉത്തരവ് പറയാൻ ബുധനാഴ്ചത്തേക്ക് മാറ്റി.
കുട്ടിയുടെ അച്ഛൻ ബിനോയ് എന്നതിന് തെളിവ് പാസ്പോർട്ടാണെന്ന് യുവതി കോടതിയിൽ അറിയിച്ചു. കുട്ടിയുടെ പാസ്പോർട്ടിൽ അച്ഛന്റെ പേര് ബിനോയിയുടേതാണ്. യുവതിയുടെ പാസ്പോർട്ടിലും ഭർത്താവിന്റെ പേര് ബിനോയ് എന്നാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ബിനോയിയും അമ്മയും നിരന്തരം തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.
എന്നാൽ തനിക്കെതിരെ യുവതി ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് ബിനോയ് കോടതിയിൽ പറഞ്ഞു. യുവതിയുടെ പരാതിയിൽ ബലാത്സംഗ കുറ്റം നിലനിൽക്കില്ല. ഡിഎൻഎ പരിശോധന ഇപ്പോൾ പരിഗണിക്കരുതെന്നും ബിനോയിയുടെ അഭിഭാഷകൻ വാദിച്ചു. മുൻകൂർ ജാമ്യം പരിഗണിക്കുമ്പോൾ ഡിഎൻഎ പരിശോധന ആവശ്യമില്ല. പ്രോസിക്യൂഷൻ ഹാജരാക്കിയ വിവാഹ രേഖകൾ വ്യാജമാണ്. പരാതിക്കാരി സമർപ്പിച്ച രേഖയിലെ ഒപ്പ് ബിനോയിയുടേതല്ല. ബലാത്സംഗ കുറ്റം ആരോപിക്കാനുള്ള തെളിവില്ലെന്നും അഭിഭാഷകൻ വാദിച്ചു.
ബിനോയിയുടെ പിതാവ് മുൻ മന്ത്രിയാണെന്ന കാര്യം പരിഗണിക്കേണ്ടതില്ല. കോടിയേരി ബാലകൃഷ്ണന് കേസുമായി ബന്ധമില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. തിങ്കളാഴ്ചകേസ് പരിഗണിച്ച മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതി ഇരു ഭാഗത്തിന്റെയും വാദം വിശദമായി കേട്ട ശേഷം വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. നേരത്തെ കേസില്‍ യുവതി വാദങ്ങള്‍ അഭിഭാഷകന് മുഖേനെ എഴുതി നല്‍കിയിരുന്നു.