മുംബൈ: ബീഹാർ സ്വദേശിനിക്കെതിരേയുള്ള ലൈംഗിക പീഡനക്കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയി കോടിയേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് രണ്ടുവർഷത്തേക്ക് നീട്ടി. മുംബൈ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് 2021 ജൂൺ മാസത്തിലേക്കു മാറ്റിയത്. കേസിൽ ഡിഎൻഎ പരിശോധനാ ഫലം ലഭിക്കാൻ വൈകുമെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് ഹർജി പരിഗണിക്കുന്നത് മുംബൈ ഹൈക്കോടതി മാറ്റിവച്ചത്.
ഡിഎൻഎ പരിശോധനാഫലം ലഭിക്കാൻ കാലതാമസം ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. ഡിഎൻഎ പരിശോധന നടത്തുന്ന ലാബിൽ നേരത്തെയുള്ള ഒട്ടേറെ കേസുകളുടെ പരിശോധന നടക്കാനുണ്ടെന്നും അതിനാൽ ബിനോയ് കോടിയേരിയുടെ കേസിന്റെ ഫലം ലഭിക്കാൻ താമസം ഉണ്ടാകുമെന്നായിരുന്നു പോലീസിന്റെ വിശദീകരണം.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് ബീഹാർ സ്വദേശിനിയുടെ പരാതി. കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെടുന്നു. മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിലാണ് ബിനോയിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.