മുംബൈ: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയി കോടിയേരി ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
യുവതിയുടെ പരാതി തെറ്റാണെന്നും ഇത് പ്രഥമ ദൃഷ്ട്യ നിലനിൽക്കുന്നതല്ലെന്നും ബിനോയി ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജി ബുധനാഴ്ച കോടതി പരിഗണിക്കും. ബിനോയിക്കെതിരേ യുവതി മുംബൈ ഒഷിവാര പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരുന്നത്.
ദുബായിയിൽ ബാർ ഡാൻസ് ജീവനക്കാരിയായിരുന്ന യുവതിയാണ് ബിനോയിക്കെതിരേ മുംബൈ ഓഷിവാര പോലീസിൽ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നാണ് പരാതി. ഇതോടെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ട് വയസുള്ള കുട്ടി ഉണ്ടെന്നും ബിഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2009 മുതല്‍ 2018 വരെ വിവാഹ വാഗ്ദാനം നൽകി ബിനോയി ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.