തിരുവനന്തപുരം: ബിഹാര്‍ സ്വദേശിനിയുടെ ലൈംഗിക ചൂഷണപരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു. ബിനോയിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുംബൈ പോലീസ് നിർദേശിച്ചു.
മുംബൈ ഓഷിവാര പോലീസാണ് ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ബിനോയ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.
യുവതിയുടെ പരാതിയില്‍ മുംബൈ പോലീസ് തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് പരിശോധിക്കും. ബിനോയിയുമായുള്ള വാട്സ് ആപ് സന്ദേശങ്ങളാണ് ഇതില്‍ പ്രധാനം. കൂടാതെ ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും യുവതിയുടെ കൈവശമുണ്ടെന്നാണ് വിവരം.
ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്ന് പരാതിക്കാരി നേരത്തെ അവകാശപ്പെട്ടിരുന്നു. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധനയ്ക്ക് പോലീസ് ഒരുങ്ങാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഏത് പരിശോധനയ്ക്കും തയാറാണെന്നും ഏത് അന്വേഷണത്തോടും സഹകരിക്കാമെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.