മുംബൈ: ബിഹാർ സ്വദേശിനിയുടെ പീഡനപരാതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയി കോടിയേരിക്ക് മുൻകൂർ ജാമ്യം. മുംബൈ ദിൻഡോഷി കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ആൾജാമ്യവും 25,000 രൂപയും കോടതിയിൽ കെട്ടിവയ്ക്കണം. ഒരു മാസത്തേയ്ക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
തനിക്കെതിരെ യുവതി ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് ബിനോയ് കോടതിയിൽ പറഞ്ഞിരുന്നു. യുവതിയുടെ പരാതിയിൽ ബലാത്സംഗ കുറ്റം നിലനിൽക്കില്ല. ഡിഎൻഎ പരിശോധന ഇപ്പോൾ പരിഗണിക്കരുതെന്നും ബിനോയിയുടെ അഭിഭാഷകൻ വാദിച്ചു.
മുൻകൂർ ജാമ്യം പരിഗണിക്കുമ്പോൾ ഡിഎൻഎ പരിശോധന ആവശ്യമില്ല. പ്രോസിക്യൂഷൻ ഹാജരാക്കിയ വിവാഹ രേഖകൾ വ്യാജമാണ്. പരാതിക്കാരി സമർപ്പിച്ച രേഖയിലെ ഒപ്പ് ബിനോയിയുടേതല്ല. ബലാത്സംഗ കുറ്റം ആരോപിക്കാനുള്ള തെളിവില്ലെന്നും അഭിഭാഷകൻ വാദിച്ചിരുന്നു.
കുട്ടിയുടെ അച്ഛൻ ബിനോയ് എന്നതിന് തെളിവ് പാസ്പോർട്ടാണെന്ന് യുവതി കോടതിയിൽ അറിയിച്ചു. കുട്ടിയുടെ പാസ്പോർട്ടിൽ അച്ഛന്റെ പേര് ബിനോയിയുടേതാണ്. യുവതിയുടെ പാസ്പോർട്ടിലും ഭർത്താവിന്റെ പേര് ബിനോയ് എന്നാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ബിനോയിയും അമ്മയും നിരന്തരം തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.
ചൊവ്വാഴ്ച കേസ് പരിഗണിച്ച മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതി ഇരു ഭാഗത്തിന്റെയും വാദം വിശദമായി കേട്ട ശേഷം വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.