മുംബൈ: ബിഹാർ സ്വദേശിനിയുടെ പീഡനപരാതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച.
തിങ്കളാഴ്ച ഹർജി പരിഗണിക്കവെ പരാതിക്കാരിയുടെ അഭിഭാഷകൻ പുതിയ വാദങ്ങൾ എഴുതിനൽകി. ഇതോടെ ഈ വാദങ്ങൾകൂടി പരിശോധിച്ചശേഷം വിധി പറയാൻ മുംബൈ ദിൻഡോഷി സെഷൻസ് കോടതി തീരുമാനിക്കുകയായിരുന്നു.
വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കവെ ബിനോയിയുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. കേസിൽ വാദങ്ങൾ എഴുതിനൽകാനും കോടതി പരാതിക്കാരിയുടെ അഭിഭാഷകനെ അനുവദിച്ചു. എന്നാൽ കേസിൽ വാദിക്കാനുള്ള അനുമതി നൽകിയില്ല.
തനിക്കും കുട്ടിക്കും ബിനോയ് ടൂറിസ്റ്റ് വീസ അയച്ചുതന്നതിന്റെ രേഖകൾ യുവതി കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. ടൂറിസ്റ്റ് വീസ അയച്ചത് ബിനോയിയുടെ സ്വന്തം ഇ-മെയിൽ ഐഡിയിൽനിന്നാണെന്നും 2015 ഏപ്രിൽ 21നാണ് വീസ അയച്ചതെന്നും യുവതി കോടതിയിൽ അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലുമെന്ന് ബിനോയ് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.