തിരുവനന്തപുരം:സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനോയി കോടിയേരിക്കെതിരേ പരാതി നൽകിയ യുഎഇ പൗരൻ ഹസ്സൻ ഇസ്മയിൽ അബ്ദുല്ല മർസൂഖി കേരളത്തിലെത്തുന്നു. അടുത്ത തിങ്കളാഴ്ച കേരളത്തിലെത്തുന്ന മർസുഖി വൈകുന്നേരം വാർത്താസമ്മേളനം വിളിച്ച് ബിനോയി കോടിയേരിയുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമാക്കും. തിരുവനന്തപുരം പ്രസ് ക്ലബിൽ വാർത്താസമ്മേളനം നടത്താനായി അദ്ദേഹത്തിന്റെ അഭിഭാഷകൻ മുഖേന പണമടച്ചുകഴിഞ്ഞു.
ബിനോയി കോടിയേരി 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണം ചൂടുപിടിച്ചതോടെയാണ് മർസുഖി കേരളത്തിലേക്ക് എത്തുന്നത്. ഇക്കഴിഞ്ഞ ആഴ്ചയിൽ ബിനോയിക്കെതിരേ കേസില്ലെന്ന് ദുബായ് പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉദ്ധരിച്ച് കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാർട്ടി നേതാക്കളും മാധ്യമങ്ങളെ അറിയിച്ചിരുന്നു. വിഷയം നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചതോടെയാണ് ദുബായ് പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് സിപിഎം നേതൃത്വം പുറത്തു വിട്ടത്.
അതേസമയം മർസുഖിയുമായി വിദേശത്ത് വച്ച് ചില വ്യവസായികൾ അനുരഞ്ജന ചർച്ചകൾ നടത്തി വിഷയം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പ് കൊടുത്തുവെന്ന വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. ബിനോയി കോടിയേരിക്കെതിരേയുള്ള ആരോപണങ്ങൾ സിപിഎം നേതൃത്വത്തിന്റെ പ്രതിഛായയെ ബാധിച്ചുവെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കളിലും അണികളിലും അമർഷം ഉയർന്നിട്ടുണ്ട്. പാർട്ടി സംസ്ഥാന സമ്മേളനങ്ങളിൽ ഉൾപ്പെടെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ വിമർശനങ്ങൾ ഉണ്ടാകുമെന്ന ആശങ്കയും പാർട്ടി നേതൃത്വത്തിനുണ്ട്.
മർസൂഖിയെ കൊണ്ട് കാര്യങ്ങൾ വിശദമാക്കി പാർട്ടിക്കും ബിനോയി കോടിയേരിക്കും ദോഷം ഉണ്ടാകാതെ വിഷയം പരിഹരിച്ച് ഇപ്പോഴുള്ള വിവാദങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണോ അതോ മറിച്ച് ആരോപണങ്ങളിൽ മർസൂഖി ഉറച്ചു നിൽക്കുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. ബിനോയി കോടിയേരിക്ക് പുറമെ ചവറ എംഎൽഎ വിജയൻപിള്ളയുടെ മകനെതിരെയുള്ള തട്ടിപ്പ് കേസിനെക്കുറിച്ചും മർസൂഖി വ്യക്തമാക്കുമെന്ന് അറിയുന്നു. സുപ്രീംകോടതി അഭിഭാഷകൻ മുഖേനയാകും മർസൂഖി വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയെന്നാണ് ലഭിക്കുന്ന സൂചന.