മുംബൈ: ലൈംഗികപീഡനക്കേസില്‍ ഡിഎന്‍എ പരിശോധന ആവശ്യമില്ലെന്ന് കോടതിയില്‍ വ്യക്തമാക്കി ബിനോയ് കോടിയേരി. ബിനോയിയെ ഡിഎന്‍എ ടെസ്റ്റിനു വേണ്ടി കസ്റ്റഡിയില്‍ വിട്ടു നല്കാന് നടപടി വേണമെന്നു യുവതിക്കു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ബിനോയിയുടെ മറുപടി. മുംബൈ ദിന്‍ഡോഷിയിലെ സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്.
അതിനിടെ ബിനോയിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി തിങ്കളാഴ്ച വിധി പറയും. പരാതി കെട്ടിച്ചമച്ചതാണെന്നാണ് ബിനോയിയുടെ അഭിഭാഷകന് വാദിച്ചത്. ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്നും മുന്‍പും സമാനമായ ആരോപണം ഇവര്‍ ഉന്നയിച്ചിട്ടുണ്ടെന്നും അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. ജാമ്യം നേടി അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഒഴിവാക്കാനാണ് ബിനോയിയുടെ ശ്രമം. എന്നാല്‍ ഏതുവിധേനയും ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കാനാണ് മുംബൈ പോലീസിന്റെ ശ്രമം.
ബിനോയിക്കെതിരേ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കും. ബിനോയ് കോടിയേരി വിദേശത്തേയ്ക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാന്‍ മുംബൈ പൊലീസ് തയ്യാറെടുക്കുന്നത്. ബിനോയിയെ കണ്ടെത്താന്‍ മുംബൈ പൊലീസ് സംഘം കേരളത്തില്‍ തിരച്ചില്‍ തുടരുകയാണ്. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള നീക്കം ബിനോയ് വേഗത്തിലാക്കിയത്. ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകളായതിനാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. യുവതിയില്‍ നിന്നും ശേഖരിച്ച തെളിവുകള്‍ ബിനോയി കോടിയേരിയെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.