കോട്ടയം: ഉന്നാവോ പെൺകുട്ടിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ട ബിനീഷ് കോടിയേരിക്ക് സോഷ്യൽ മീഡിയയിൽ അസഭ്യ പൊങ്കാല. ഫേസ് ബുക്കിലെ പോസ്റ്റിന് വന്ന കമന്റിലാണ് ബിനീഷ് കോടിയേരിയുടെ ജ്യേഷ്ഠൻ ബിനോയ് കോടിയേരിക്കെതിരേയുള്ള പീഡന പരാതിയെ മുൻനിർത്തി നിരവധി കമന്റ് വന്നിട്ടുള്ളത്.
“ഉന്നാവോ പെൺകുട്ടിക്ക് നീതി കിട്ടും എന്ന പ്രതീക്ഷ നമുക്കില്ല, പക്ഷെ നമ്മൾ ഓരോരുത്തരും മനസ് വച്ചാൽ ബീഹാറിലെ ആ ബാലന് നീതി ലഭ്യമാകും. അതിന് താങ്കൾ തന്നെ മുന്നിട്ടിറങ്ങണം, കൂടെയുണ്ട്’ എന്ന പരിഹാരസ്വരത്തോടെയുള്ള കമന്റുകളും അസഭ്യത കലർന്ന നിരവധി കമന്റുകളുമാണ് വന്നിരിക്കുന്നത്.
നിലവിൽ ബിഹാർ സ്വദേശിനിയുടെ പീഡനപരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ കേസുണ്ട്. ഈയൊരു കേസിൽ മൗനം പ്രകടിപ്പിക്കുകയും ഉന്നാവോ കേസിൽ പ്രതികരിക്കുകയും ചെയ്തതിനാലാണ് സോഷ്യൽ മീഡിയയിൽ ബിനീഷിന് വിമർശിച്ച് പൊങ്കാലയിട്ടത്.
ഉന്നാവോ മാനഭംഗക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ വാഹനത്തിൽ ട്രക്കിടിച്ചുണ്ടായ അപകടത്തിൽ രോഷം പ്രകടിപ്പിച്ചും പെൺകുട്ടിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ് ബിനീഷ് കോടിയേരി ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടത്. “ഉന്നോവ പെൺകുട്ടി – അവൾക്കിന്നൊരു പേരില്ല.
അവളുടെ പേര് പറയാൻ പാടില്ല. ബലാത്സംഗക്കേസിൽ ഇരയാണവൾ എന്ന വാചകങ്ങളോടെ തുടങ്ങുന്ന പോസ്റ്റ് അവസാനിപ്പിക്കുന്നത് ഉന്നോവയിലെ പെൺകുട്ടിക്ക് ആയുസും ആരോഗ്യവും തിരിച്ചുകിട്ടി ഈ ക്രൂരതയ്ക്കെതിരെ പോരാടാൻ കരുത്ത് ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. പ്രിയപ്പെട്ട പെൺകുട്ടി ഇനി നീ ഒറ്റയ്ക്കല്ല. ഈ മഹാരാജ്യാം നിന്നോട് ഒപ്പമുണ്ട് എന്ന വാചകത്തോടെയാണ്.