മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയി കോടിയേരി വിവാഹ വാഗ്ദാനം നൽകി മാനഭംഗപ്പെടുത്തിയതായി പരാതി. ദുബായിൽ ബാർ ഡാൻസ് ജീവനക്കാരിയായിരുന്ന യുവതിയുടെ പരാതിയിൽ മുംബൈ ഓഷിവാര പോലീസാണ് കേസെടുത്തത്.
വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നാണ് പരാതി. ബിനോയിയുമായുള്ള ബന്ധത്തിൽ എട്ട് വയസുള്ള കുട്ടി ഉണ്ടെന്നുമാണ് ബിഹാർ സ്വദേശിയായ യുവതിയുടെ ആരോപണം. 2009 മുതൽ 2018 വരെ ബിനോയി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
പരാതിൽ പറയുന്നത് ഇങ്ങനെ:
2009 സെപ്റ്റംബറിലാണ് ദുബായിയിൽ ഡാൻസ് ബാറിൽ ജോലിക്കെത്തുന്നത്. ഇവിടെ വച്ചാണ് താൻ ബിനോയിയെ പരിചയപ്പെടുന്നത്. ബിനോയ് പണം തന്ന് തന്റെ വിശ്വാസ്യത നേടി. ഒരു ദിവസം തന്റെ ഫോൺ നന്പർ വാങ്ങി.
പിന്നീട് ഫോണിലൂടെ വിളിക്കാൻ ആരംഭിച്ചു. താൻ കേരളത്തിൽ നിന്നാണെന്നും ദുബായിയിൽ കൺസ്ട്രക്ഷൻ ബിസിനസ് ആണെന്നുമാണ് ബിനോയ് പറഞ്ഞത്. തന്റെ അടുത്ത സുഹൃത്തായിത്തീർന്ന ബിനോയ് വിലകൂടിയ സമ്മാനങ്ങളും നൽകുമായിരുന്നു. 2009 ഒക്ടോബറിൽ ബിനോയ് വീട്ടിലേക്ക് വിളിപ്പിച്ചു.
ഇവിടെ വച്ചാണ് വിവാഹം വാഗ്ദാനം നൽകി ആദ്യമായി പീഡിപ്പിച്ചത്. 2009 നവംബറിൽ താൻ ഗർഭിണിയായി. തുടർന്ന് മുംബൈയിലേക്ക് താമസം മാറി. 2010 ഫെബ്രുവരിയിൽ മുബൈ അന്ധേരിയിൽ ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടെ താമസിപ്പിച്ചു. ഇതിന്റെ വാടക നൽകിയിരുന്നത് ബിനോയ് ആണ്.
ഈ സമയം താൻ വിവാഹം കഴിക്കണമെന്ന് ബിനോയിയോട് ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറി. 2010 ജൂലെ 22ന് താനെരു ആൺകുട്ടിക്ക് ജന്മം നൽകി. ഈ സമയം ബിനോയ് ആശുപത്രിയിൽ സ്ഥിരമായി വരുമായിരുന്നു. 2011ൽ മില്ലാട്ട് നഗറിലെ മറ്റൊരു ഫ്ലാറ്റിലേക്ക് ബിനോയ് തന്നെ മാറ്റി.
കുട്ടിയുടെ ഒന്നാം പിറന്നാളിന് തന്നെ വിവാഹം ചെയ്യാമെന്നും അതുവരെയുള്ള എല്ലാ ചെലവുകളും നോക്കാമെന്നും ബിനോയ് വാഗ്ദാനം നൽകി. 2014ൽ മുംബൈയിലെ മറ്റൊരു ഫ്ലാറ്റിലേക്ക് ബിനോയ് തന്നെയും കുട്ടിയേയും മാറ്റി. 2015ൽ തന്റെ ബിസിനസ് നഷ്ടത്തിലാണെന്നും അതിനാൽ ഇനി ചെലവിന് തരാൻ പറ്റില്ലെന്നും ബിനോയ് പറഞ്ഞു.
2018ൽ ദുബായിൽ 13 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ബിനോയിയുടെ പേരു കണ്ടപ്പോൾ ഫേസ്ബുക്ക് പരിശോധിച്ചു. അപ്പോഴാണ് ബിനോയിയുടെ പേരിൽ മൂന്ന് ഫേസ്ബുക്ക് അക്കൗണ്ട ് ഉണ്ടെന്ന് മനസിലായത്. 2019ൽ തുടങ്ങിയ പുതിയ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ബിനോയ് വിവാഹം ചെയ്തതായി മനസിലായത്.
പരാതിയുടെ അടിസ്ഥാനത്തിൽ ബിനോയിക്കെതിരെ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ബിനോയിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ അന്വേഷണം ആരംഭിച്ചെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെ നടപടി സ്വീകരിക്കുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ശൈലേഷ് പസൽവാർ പറഞ്ഞു.
നിയമപരമായി നേരിടും: ബിനോയ്
തലശേരി: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതി വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് ബിനോയ് കോടിയേരി രാഷ്ട്രദീപികയോട് പറഞ്ഞു. തനിക്കെതിരെ വ്യാജ പരാതി നല്കി കേസെടുപ്പിച്ച യുവതിക്കെതിരെ മുംബൈയിലും കേരളത്തിലും പരാതി നല്‍കിയിട്ടുണ്ട്.
തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതി നേരത്തേയുള്ള പരിചയം മുതലെടുത്ത് പല തവണ പണം വാങ്ങിയിരുന്നു. പിന്നീട് കോടികള്‍ ആവശ്യപ്പെട്ട് ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ആസൂത്രിത ശ്രമമാണ് നടന്നത്.
ഇതിനു പിന്നില്‍ ഒരു ബംഗാള്‍ സ്വദേശിയുടെ കരങ്ങളുണ്ട്. നേരത്തെ താന്‍ വിവാഹം കഴിച്ച ശേഷം വഞ്ചിച്ചുവെന്ന് കാണിച്ച് ഇതേ യുവതി പോലീസില്‍ പരാതി നല്‍കുകയും പോലീസ് അത് അന്വേഷിച്ച് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ പരാതിയോടൊപ്പം ഹാജരാക്കിയ രേഖകളും വ്യാജമായിരുന്നുവെന്ന് അന്ന് തെളിഞ്ഞിരുന്നു.
വിശദമായ അന്വേഷണത്തിന് ശേഷം ഇത് സംബന്ധിച്ച പരാതി പോലീസ് തള്ളിക്കളഞ്ഞിരുന്നു. അതോടെ പിന്മാറിയ യുവതിയും ബംഗാള്‍ സ്വദേശിയും ഇപ്പോള്‍ വീണ്ടും പുതിയ കഥ മെനഞ്ഞ് കള്ളപ്പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇത് നിയമപരമായി നേരിടുമെന്നും ബിനോയ് തുടര്‍ന്ന് പറഞ്ഞു.
നവാസ് മേത്തര്‍