മുംബൈ: ലൈംഗികപീഡനക്കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരേ മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവിൽ കഴിയുന്ന ബിനോയി രാജ്യംവിടാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
ബിനോയി കോടിയേരി സമർപ്പിച്ച മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ച മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ നടപടി. നേരത്തേ, ബിനോയിയുടെ അറസ്റ്റ് ഉടൻ വേണ്ടെന്നും മുൻകൂർ ജാമ്യഹർജി പരിഗണിച്ചതിനുശേഷം മാത്രം മതിയെന്നുമുള്ള തീരുമാനത്തിലായിരുന്നു മുംബൈ പോലീസ്.
ജാമ്യം കിട്ടിയതിനുശേഷം പോലീസ് അന്വേഷണവുമായി സഹകരിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിനോയി എന്നാണ് അറിയുന്നത്. എന്നാൽ, ബിനോയിക്കെതിരേ ശക്തമായ തെളിവുള്ളതിനാൽ കോടതി ജാമ്യം നൽകില്ലെന്നാണ് പ്രോസിക്യൂഷൻ കരുതുന്നത്.