മുംബൈ: പീഡനക്കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി കണ്ണൂരിൽ തങ്ങിയ മുംബൈ പോലീസിന് ബിനോയിയെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. ബിനോയ് രാജ്യം വിടാനുള്ള സാധ്യത മുന്നിൽ കണ്ട് വിമാനത്താവളങ്ങളിലെ അധികാരികൾക്ക് ഇതു സംബന്ധിച്ച നിർദേശവും മുംബൈ പോലീസ് കൊടുക്കുമെന്നറിയുന്നു.
യുവതിയിൽ നിന്നെടുത്ത വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ ബിനോയിയെ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കവും മുംബൈ പോലീസ് നടത്തുന്നുണ്ട്. കേരളത്തിലും മുംബൈയിലും ബിനോയിക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചതായും വിവരമുണ്ട്.
മുംബൈയിൽനിന്നെത്തിയ പോലീസ് സംഘം കണ്ണൂർ പോലീസിന്റെ സഹായത്തോടെ ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി നോട്ടീസ് നല്കിയിരുന്നു. തിരുവങ്ങാട്ടെ കോടിയേരി ഹൗസിൽ എത്തിയാണ് അന്വേഷണസംഘം ബിനോയ് എത്രയുംപെട്ടെന്ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്നു കാണിച്ച് നോട്ടീസ് നൽകിയത്. പോലീസ് എത്തിയപ്പോൾ കോടിയേരി ബാലകൃഷ്ണനും കുടുംബവും വീട്ടിലില്ലായിരുന്നു. ഇതേത്തുടർന്ന് ഒരു ബന്ധുവിന്റെ കൈവശമാണു നോട്ടീസ് നല്കിയത്.
ഇതിനുശേഷം മൂഴിക്കരയിലെ മൊട്ടമ്മൽ വീട്ടിലും പോലീസ് എത്തിയെങ്കിലും അവിടെയും ആരുമുണ്ടായിരുന്നില്ല. ബിനോയിയുടെ ഫോൺ സ്വിച്ച് ഓഫായതു കാരണം അദ്ദേഹത്തെ ഇതുവരെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല.
ബിനോയ് ഒളിവിലാണെന്നാണു സൂചന. രണ്ടുദിവസത്തിനുള്ളിൽ അന്വേഷണ സംഘത്തിനുമുന്നിൽ ഹാജരാകാൻ തയാറായില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് മുംബൈ പോലീസ് നീങ്ങും. ഇതിനിടെ ബിനോയി കോടിയേരി മുൻകൂർ ജാമ്യത്തിനുവേണ്ടി ശ്രമിക്കുന്നതായും സൂചനയുണ്ട്.
പരാതി നൽകിയ യുവതി ഇന്നലെ മുംബൈ ഒഷിവാര പോലീസ് സ്റ്റേഷനിൽ ഹാജരായി കൂടുതൽ തെളിവുകൾ നൽകി. സഹോദരിയോടൊപ്പമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് യുവതി ഒഷിവാര പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് സഹോദരിയിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്.
യുവതി നൽകിയ ഫോട്ടോ, വീഡിയോ, വാട്സ്ആപ്പ് സന്ദേശങ്ങൾ, ഫോൺ കോളുകൾ, മറ്റു തെളിവുകൾ എന്നിവയാണു പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. മുംബൈ അന്ധേരിയിലെ ഹോട്ടലിൽ ഇരുവരും ഒന്നിച്ച് താമസിച്ചുവെന്നു തെളിയിക്കുന്ന രേഖകളും പോലീസിന് ലഭിച്ചതായാണു സൂചന.