ഇടുക്കി: പണിക്കൻ കുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി ദൃശ്യം രീതിയിൽ വീടിന്റെ അടുക്കളയിൽ കുഴിച്ചു മൂടിയ കേസിലെ പ്രതി പണിക്കൻകുടി മാണിക്കുന്നേൽ ബിനോയിയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.
കാമാക്ഷി താമഠത്തിൽ സിന്ധു (45)വിനെയാണ് ബിനോയി ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചു മൂടിയത്. പെരിഞ്ചാംകുട്ടി വനമേഖലയിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇന്നലെയാണ് പോലീസ് പിടി കൂടിയത്.
കൊല നടത്തിയതിനു ശേഷം കേരളത്തിലെ വിവിധ സ്ഥലങ്ങളിലും തമിഴ്നാട്ടിലുമായി പ്രതി ഒളിവിൽ കഴിയുകയായിരുന്നു. അടുപ്പത്തിലായിരുന്ന ഇരുവർക്കുമിടയിൽ അടുത്ത നാളുകളിൽ ഉണ്ടായ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
അസുഖ ബാധിതനായ ഭർത്താവിന്റെ അടുത്തേക്ക് സിന്ധു തിരികെ പോകുമെന്ന ബിനോയിയുടെ സംശയവും കൊലയ്ക്കു കാരണമായി. സംഭവ ദിവസം സിന്ധു ഫോണിൽ നോക്കിയിരുന്നതും പ്രകോപനത്തിനിടയാക്കി.
ശ്വാസം മുട്ടിച്ചും മർദിച്ചും മൃതപ്രായയാക്കിയ സിന്ധുവിനെ മരണം ഉറപ്പാക്കുന്നതിനു മുൻപു തന്നെ കുഴിച്ചു മൂടിയെന്നും ബിനോയി പോലീസിനോട് പറഞ്ഞു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കിയതിനു ശേഷം കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു.
ഓഗസ്റ്റ് 11ന് രാത്രി സംഭവിച്ചത്
സിന്ധുവിന്റെ ഇളയമകനെ ബിനോയിയുടെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞയച്ചതിനു ശേഷമായിരുന്നു ആസൂത്രിത കൊലപാതകം. കഴിഞ്ഞ 11ന് രാത്രിയായിരുന്നു കൊല നടത്തിയത്.
കൊല്ലാനുള്ള ഉദ്ദേശത്തോടെ സിന്ധുവിന്റെ കഴുത്തിന് ഞെക്കിപ്പിടിച്ചതിനെത്തുടർന്ന് അവശയായപ്പോൾ മുറ്റത്തേക്ക് തള്ളിയിട്ടു. മരിച്ചെന്ന് കരുതി മണ്ണെണ്ണയൊഴിച്ച് കത്തിക്കാനായിരുന്നു നീക്കം.
തീകൊളുത്തിയപ്പോൾ സിന്ധു നിലവിളിച്ചു. പിന്നീട് വെള്ളമൊഴിച്ച് തീകെടുത്തിയശേഷം അനക്കമുണ്ടോയെന്ന നോക്കി. തുടർന്ന് വസ്ത്രങ്ങൾ നീക്കം ചെയ്ത് അടുക്കളയിൽ കുഴിയെടുത്ത് മൂടുകയായിരുന്നു.
മണ്ണിട്ട് അടുപ്പ് പഴയ പോലെ നിർമിച്ച് ചാണകം ഉപയോഗിച്ച് മെഴുകി. അടുപ്പിൽ തീ കത്തിക്കുകയും ചെയ്തു. ആരും കണ്ടെത്തില്ലെന്ന വിശ്വാസത്തോടെയുള്ള ആസൂത്രിത നീക്കമായിരുന്നു പ്രതിയുടേത്.
രക്ഷപ്പെടാനുള്ള യാത്ര
രാത്രിയിൽ നടത്തിയ കൊലയ്ക്കുശേഷം സുഹൃത്ത് മധുവിനെ കാണാൻ നെടുങ്കണ്ടത്തേക്കായിരുന്നു ബിനോയിയുടെ ആദ്യ യാത്ര. പിന്നീട് പാലക്കാട് ,ഷൊർണ്ണൂർ,തൃശൂർ എന്നിവിടങ്ങളിൽ പലതവണയെത്തി. ഇതിനിടെ അഭിഭാഷകനെ കാണുന്നതിനും മുൻകൂർ ജാമ്യം നേടുന്നതിനും ശ്രമം നടത്തി.
പണം മുൻകൂർ കിട്ടാതെ കേസിൽ ഇടപെടില്ലന്ന് അഭിഭാഷകൻ വ്യക്തമാക്കിയതോടെ ബിനോയി പണത്തിനായി പല ശ്രമങ്ങളും നടത്തി. ബാങ്കിൽ നിന്നും പണം പിൻവലിക്കുന്നതിന് ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും പോലീസ് നിരീക്ഷിച്ചിച്ചിരുന്നതിനാൽ ഇതിൽ നിന്നും പിൻവലിഞ്ഞു .
ഏലക്ക വിൽക്കുന്നതിനായിരുന്നു അടുത്ത നീക്കം. ഇതിനായി രണ്ടുദിവസം മുന്പ് പണിക്കൻകുടിയിലേക്ക് യാത്ര തിരിച്ചെങ്കിലും പോലീസ് പിടിയിലാവുമെന്ന് ഭയന്ന് തൃശൂരിലേക്ക് വീണ്ടും തിരിച്ചുപോയി.
തുടർന്ന് വീണ്ടും ഞായറാഴ്ച നാട്ടിലേക്ക് തിരിച്ചു. ആദ്യം ഒളിവിൽ കഴിഞ്ഞ പെരിഞ്ചാംകുട്ടി വന മേഖലയിലെ പാറയിടുക്കിൽ കഴിഞ്ഞു. തമിഴ്നാട്ടിലേക്ക് കടക്കാനായി ഇന്നലെ ഇവിടെ നിന്നും പുറത്തിറങ്ങിയപ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്.
പരാതി നൽകിയത് അമ്മ
പെരിഞ്ചാകുട്ടിയിൽ വാടക വീട്ടിൽ കഴിഞ്ഞിരുന്ന മകളെ കാണാനില്ലെന്ന് കഴിഞ്ഞമാസം 15-നാണ് സിന്ധുവിന്റെ മാതാവ് വെള്ളത്തൂവൽ പോലീസിൽ പരാതി നൽകിയത്.
അന്നു മുതൽ ഒപ്പം താമസിച്ചിരുന്ന ബിനോയി പോലീസ് നിരീക്ഷണത്തിലായിരുന്നു. സിന്ധുവിനെ കാണാതായപ്പോൾ മാതാവ് കുഞ്ഞുമോൾ പണിക്കൻകുടിയിൽ എത്തി ബിനോയിയെ കണ്ടിരുന്നു.
സിന്ധുവിനെ അന്വേഷിച്ചപ്പോൾ അവൾ ഇഷ്ടമുള്ള ആരൂടെയെങ്കിലും പിന്നാലെ പോയിട്ടുണ്ടാവുമെന്നായി ബിനോയിയുടെ മറുപടി.ഇതിൽ സംശയം തോന്നിയതിനാൽ കുഞ്ഞുമോൾ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകി.
പിന്നീട് സിന്ധുവിന്റെ ഇളയമകനാണ് ബിനോയിയുടെ അടുക്കളയിൽ നിർമാണ പ്രവർത്തനം നടത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾക്ക് വിവരം നൽകിയത്. ഇവർ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പിന്നീട് പോലീസിൽ വിവരമറിയിച്ചു. കഴിഞ്ഞ മൂന്നിനാണ് സിന്ധുവിന്റെ മൃതദേഹം പോലീസ് ബിനോയിയുടെ അടുക്കളയിൽ നിന്നും പുറത്തെടുത്തത്.
ബിനോയിയുടെ പേരിൽ എട്ടോളം അടിപിടിക്കേസുകൾ നിലവിലുണ്ട്. ഇതിനു പുറമെ ഭാര്യയെ മർദിച്ചതിന്റെ പേരിൽ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.