കോഴഞ്ചേരി: തോണിപ്പുഴ ജംഗ്ഷനിൽ സ്വന്തമായി ഓട്ടോറിക്ഷ ഓടിച്ചിരുന്ന ബിനോയി ഇനി ഗ്രാമപഞ്ചായത്ത് ഭരിക്കും. തെരഞ്ഞെടുപ്പിൽ ഓട്ടോറിക്ഷയായിരുന്നു ഔദ്യോഗിക ചിഹ്നം.
25 വർഷത്തിലേറെയായി സജീവ സിപിഎം അംഗമായിരുന്ന ബിനോയിക്ക് തെരഞ്ഞെടുപ്പിൽ സീറ്റു നിഷേധിച്ചതോടെയാണ് സ്വതന്ത്രനായി മത്സരിക്കേണ്ടിവന്നതെന്ന് പറയുന്നു.
സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. പ്രാദേശിക ഘടകമാണ് തന്നെ ഒറ്റപ്പെടുത്തിയതെന്ന് ബിനോയി പറഞ്ഞു. ഇതിന്റെ പ്രതിഷേധ സൂചകമായിട്ടാണ് സ്വതന്ത്രനായി മത്സരിച്ചതും കക്ഷി രാഷ്ട്രീയഭേദമന്യേ എല്ലാവരും പിന്തുണച്ചതായും ബിനോയി പറഞ്ഞു.
ഒരിക്കലും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മോഹിച്ചിരുന്നതല്ല. ഓട്ടോറിക്ഷ തൊഴിലാളിയായ തനിക്ക് സീറ്റ് നിഷേധിച്ചവർക്ക് കാലം കൊടുത്ത മറുപടിയാണ് പുതിയ സ്ഥാനലബ്ധിയെന്ന വിശ്വാസക്കാരനാണ് ബിനോയി ചരിവുപുരയിടം.