മുംബൈ: ലൈംഗിക പീഡനക്കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി മുംബൈ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ജൂലൈ 29 ന് ബിനോയ് ഡിവിഷന് ബെഞ്ചിന്റെ നിര്‍ദ്ദേശപ്രകാരം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനായിരുന്നു.
പരിശോധനാ ഫലം രണ്ടാഴ്ചയ്ക്കകം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറണം എന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ ഡിഎന്‍എ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഹൈക്കോടതി രജിസ്ട്രാര്‍ വ്യക്തമാക്കുന്നത്. ഫോറന്‍സിക് ലാബില്‍ നിന്ന് ഇതുവരെ പരിശോധനാ ഫലം കൈമാറിയിട്ടില്ലെന്ന് ഓഷിവാര പോലീസും അറിയിച്ചു.
ഓഗസ്റ്റ് 27ന് ഹര്‍ജി പരിഗണിക്കാന്‍ കോടതി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിൽ എട്ടു വയസുള്ള കുട്ടിയുണ്ടെന്നുമാണ് ബിഹാർ സ്വദേശിനിയുടെ പരാതി. കുട്ടിക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെടുന്നു.