മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡന കേസിൽ നിർണായക വെളിപ്പെടുത്തൽ. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചർച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസിൽ വച്ചാണെന്ന് മധ്യസ്ഥ ചർച്ച നടത്തിയ അഭിഭാഷകൻ കെ.പി.ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഏപ്രിൽ 18ന് വിനോദിനിയും 29ന് ബിനോയിയും ചർച്ചയ്ക്കായി തന്റെ അടുത്ത് എത്തിയെന്നും വിഷയം നേരത്തെ അറിയില്ലായിരുന്നു എന്ന കോടിയരി ബാലകൃഷ്ണന്റെ വാദം തെറ്റാണെന്നും ശ്രീജിത്ത് വ്യക്തമാക്കി. ചർച്ചയ്ക്ക് ശേഷം കോടിയേരിയുമായി താൻ ഫോണിൽ സംസാരിച്ചെന്നും അഭിഭാഷകൻ വെളിപ്പെടുത്തി. വിഷയത്തിന്റെ ഗൗരവം കോടിയേരിയോട് പറഞ്ഞുവെന്നും എന്നാൽ, ബിനോയ് പറയുന്നത് മാത്രമാണ് അദ്ദേഹം വിശ്വസിച്ചതെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു.
അതിനിടെ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതി ഇന്ന് ഉച്ചയ്ക്കാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ബിനോയിയുടെ അപേക്ഷ പരിഗണിച്ച് കോടതി വിധി പറയുന്നത് ഇന്നേക്ക് മാറ്റുകയായിരുന്നു. ജാമ്യം നിഷേധിച്ചാൽ ബിനോയിയെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് മുംബൈ പോലീസ്.
കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണം എന്ന നിലപാടിലാണ് പ്രോസിക്യൂഷൻ. എന്നാൽ പീഡന കേസ് കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നുമാണ് ബിനോയിയുടെ അഭിഭാഷകന്റെ നിലപാട്. യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തുന്ന മുംബൈ പോലീസ് കഴിഞ്ഞ ദിവസം കണ്ണൂരിൽ എത്തിയിരുന്നു. എന്നാൽ ബിനോയിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
ബിനോയിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. അതിനാൽ ബിനോയ് ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ബിനോയിയെ കണ്ടെത്താൻ മുംബൈ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന സൂചനയുമുണ്ടായിരുന്നു. വിഷയം രാഷ്ട്രീയമായി സിപിഎമ്മിന് എതിരെ തിരിഞ്ഞതോടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരണവുമായി രംഗത്തു വന്നിരുന്നു.
മകനെ സംരക്ഷിക്കില്ലെന്നും നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ മാത്രം ഉത്തരവാദിത്വമാണെന്നുമാണ് കോടിയേരി പറഞ്ഞത്. പരാതിക്കാരിയെ അറിയില്ലെന്നും കേസ് സംബന്ധിച്ച് ഇപ്പോൾ മാത്രമാണ് അറിഞ്ഞതെന്നും കോടിയേരി പറഞ്ഞിരുന്നു. എന്നാൽ മധ്യസ്ഥചർച്ച നടത്തിയ അഭിഭാഷകന്റെ വെളിപ്പെടുത്തലോടെ കോടിയേരി യുടെ വാദം പൊളിയുകയാണ്. ഇക്കാര്യത്തിൽ സിപിഎം എത്തരത്തിലുള്ള പ്രതിരോധമാണ് ഇനി നടത്തുക എന്നതാണ് ഇനി അറിയേണ്ടത്.
പരാതിക്കാരിയുടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ബിനോയ്
മുംബൈ: പീഡനക്കേസിൽ ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. പരാതിക്കാരിയുടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യുവതി മുംബൈ പോലീസിൽ നൽകിയ പരാതിയോടൊപ്പം നൽകിയ രേഖയിലാണ് കുട്ടിയുടെ ജനനസർട്ടിഫിക്കറ്റുമുള്ളത്.
യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെ പേരായി ചേർത്തിരിക്കുന്നത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ്. 2015ൽ പുതുക്കിയ പാസ്പോർട്ടിലാണ് ഇത്തരത്തിൽ ഭർത്താവിന്റെ പേര് ചേർത്തിട്ടുള്ളത്. യുവതിയുടെ കുഞ്ഞിന്റെ ജനനം 2010ലാണ്. മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലാണ് ജനനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതടക്കം കുഞ്ഞ് ബിനോയിയുടേതാണെന്ന് സ്ഥാപിക്കാൻ നിരവധി തെളിവുകളാണ് യുവതി മുംബൈ പോലീസിന് സമർപ്പിച്ചിട്ടുള്ളത്.