മുംബൈ: യുവതിക്കെതിരായുള്ള പീഡനപരാതിയിൽ ബിനോയി കോടിയേരിക്കെതിരേയുള്ള കുരുക്ക് മുറുകുന്നു. കേസ് ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് ബിനോയി യുവതിയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് പീഡന പരാതിയിൽ ബിനോയിക്കെതിരേ കുരുക്ക് മുറുകുന്നത്. എന്നാൽ കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം തുടരുകയാണ്. രക്തസാന്പിൾ പരിശോധിക്കും മുന്പുതന്നെ യുവതിയുമായി ഒത്തുതീർപ്പിലെത്താനു ശ്രമമെന്നു സൂചനയുണ്ട്.
ബിനോയിക്ക് വക്കീൽ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് യുവതിയെ ബിനോയി വിളിച്ചത്. ജനുവരി 10ന് നടന്ന സംഭാഷണം ആണ് പുറത്തു വന്നിരിക്കുന്നത്. അഞ്ചുകോടി ആവശ്യപ്പെട്ടായിരുന്നു യുവതി വക്കീൽ നോട്ടീസ് അയച്ചത്. എന്നാൽ അഞ്ചുകോടി നൽകില്ലെന്ന് ആദ്യം ബിനോയി പറഞ്ഞെങ്കിലും തിരക്കുപിടിച്ചൊന്നും ചെയ്യരുതെന്ന് ബിനോയി യുവതിയോട് പറയുന്നത് സംഭാഷണത്തിലുണ്ട്.
എന്താണെന്നു വേണ്ടതെന്നു വച്ചാൽ ചെയ്യാമെന്നും ചെയ്തുകഴിഞ്ഞാൽ ഞാനുമായുള്ള ബന്ധം എന്താണോ അത് പൂർണമായും ഉപേക്ഷിക്കണമെന്നും ബിനോയി സംഭാഷണത്തിൽ പറയുന്നു. സംഭാഷണം തെളിവായി യുവതിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കും.
ഇതിനിടെ ഡിഎൻഎ ടെസ്റ്റിനായി രണ്ടുപ്രാവശ്യം അന്വേഷണസംഘം ബിനോയിയുടെ രക്തസാന്പിൾ പരിശോധിക്കാൻ ശ്രമിച്ചിരുന്നു. പല കാരണങ്ങൾ പറഞ്ഞ് ബിനോയ് ഒഴിവാകുകയായിരുന്നു. പീഡന പരാതിയിൽ തനിക്കെതിരേയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഈ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.
തിങ്കളാഴ്ച രക്തസാന്പിൾ നൽകിയില്ലെങ്കിൽ യുവതി കോടതിയെ സമീപിക്കുമെന്നാണ് യുവതിയുടെ അഭിഭാഷകൻ അറിയിച്ചത്. പോലീസ് ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്ക് രക്തസാന്പിൾ നൽകണമെന്നാണ് മുംബൈ ദിൻഡോഷി കോടതി നൽകിയ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നത്.
എല്ലാ തിങ്കളാഴ്ചയും സ്റ്റേഷനിൽ ഹാജരാകാനും പറഞ്ഞിരുന്നു. എന്നാൽ രക്തസാന്പിൾ നൽകാത്തത് ജാമ്യവ്യവസ്ഥ ലംഘനമാണെന്നാണ് പെൺകുട്ടിയുടെ അഭിഭാഷകൻ അബ്ബാസ് മുക്ത്യാർ കുറ്റപ്പെടുത്തുന്നത്. ഇതു ചൂണ്ടികാട്ടിയാണ് കോടതിയെ സമീപിക്കുന്നത്.