കണ്ണൂർ: ബിനോയ് കോടിയേരിക്കെതിരേ യുവതി നൽകിയ പീഡനക്കേസ് അന്വേഷിക്കാൻ മുംബൈയിൽ നിന്നും കണ്ണൂരിലെത്തിയ പോലീസ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി നോട്ടീസ് നല്കി. പോലീസ് എത്തിയപ്പോൾ കോടിയേരി ബാലകൃഷ്ണനും കുടുംബവും വീട്ടിലില്ലായിരുന്നു. തുടർന്ന് സമീപത്തുള്ള ബന്ധുക്കൾക്കാണ് നോട്ടീസ് നല്കിയത്.
മൂഴിക്കരയിലെ മൊട്ടമ്മൽ വീട്ടിലും പോലീസ് എത്തിയെങ്കിലും അവിടെയും ആരും ഉണ്ടായിരുന്നില്ല. ന്യൂ മാഹി പോലീസിന്റെ സഹായത്തോടെയാണ് മുംബൈ പോലീസ് കോടിയേരിയിലെ വീട്ടിലെത്തിയത്. മുംബൈ ഒഷിവാര പോലീസ് സ്റ്റേഷനിൽ ബിനോയ് കോടിയേരിയോട് ഹാജരാകാനാണ് നോട്ടീസ് നല്കിയത്.
മുംബൈ ഒഷിവാര പോലീസ് സ്റ്റേഷനിൽ യുവതി നല്കിയ പരാതിയിൽ കണ്ണൂർ ജില്ലയിലെ കോടിയേരി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളായിരുന്നു പരാമർശിച്ചത്. അതിനാൽ പരാതിയിൽ പറയുന്ന സ്ഥലങ്ങളെക്കുറിച്ച് അന്വേഷിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനും നോട്ടീസ് നല്കാനുമാണ് മുംബൈ ഒഷിവാര പോലീസ് സ്റ്റേഷനിലെ എസ്ഐ വിനായക് യാദവ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ദയാനന്ദ് പവാർ എന്നിവർ ചൊവ്വാഴ്ച രാത്രിയോടെ കണ്ണൂരിൽ എത്തിയത്.
ബിനോയ് കോടിയേരി താമസിക്കുന്ന സ്റ്റേഷൻ പരിധിയായ ന്യൂ മാഹി പോലീസ് സ്റ്റേഷനിലെത്തി മുംബൈ പോലീസ് തെളിവുകൾ ശേഖരിച്ചു. ഇന്ന് അവർ തിരുവനന്തപുരത്തേക്ക് തിരിക്കും. ബിനോയ് കോടിയേരി തിരുവനന്തപുരത്ത് ഉള്ളതായാണ് സൂചന. മുംബൈ പോലീസ് തിരുവനന്തപുരത്ത് എത്തി ബിനോയ് കോടിയേരിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.
കണ്ണൂരിലെത്തിയ മുംബൈ പോലീസ് യുവതിക്കെതിരേ കണ്ണൂർ എസ്പിക്ക് ബിനോയ് കോടിയേരി നല്കിയ പരാതിയുടെ വിവരങ്ങളും ശേഖരിച്ചു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ ഒഷിവാര പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ബിനോയ് കോടിയേരിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുംബൈയിൽനിന്നെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ രാഷ്ട്രദീപികയോട് പറഞ്ഞു.
ഇല്ലെങ്കിൽ സമൻസ് അയക്കുന്നതടക്കമുള്ള നിയമനടപടികളിലേക്ക് കടക്കുമെന്ന് അവർ സൂചിപ്പിച്ചു. ഇതിനിടെ ബിനോയിയും യുവതിയും തമ്മിൽ പിണങ്ങിയതിനെ തുടർന്ന് കഴിഞ്ഞ വർഷം മുംബൈയിൽ പ്രമുഖരുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പിനു ശ്രമിച്ചിതായും സൂചനയുണ്ട്. എന്നാൽ വാഗ്ദാനം ബിനോയ് ലംഘിച്ചതിനെ തുടർന്നാണ് യുവതി കേസ് നൽകിയത്. കുട്ടിയെ വളർത്താനും മറ്റു ചെലവുകൾക്കുമായി അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് യുവതി 2018 ഡിസംബറിൽ വക്കീൽ നോട്ടീസ് അയച്ചതായി പറയുന്നു.
“ബിനോയ് കോടിയേരി ഒളിവിൽ’
എന്നാൽ, ബിനോയ് കോടിയേരി ഒളിവിലാണെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. “ബിനോയ് കണ്ണൂരിലെ വീട്ടിലില്ല, മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇത് സൂചിപ്പിക്കുന്നത് ബിനോയ് ഒളിവിലാണെന്നാണ്’ – പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അന്വേഷണസംഘം കേരളത്തിൽ എത്തിയകാര്യം മുംബൈ പോലീസ് വക്താവ് ഡിസിപി മഞ്ജനാഥ് സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയിൽ ഒരു അന്വേക്ഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അവർ തെളിവുകൾ ശേഖരിക്കുന്നുണ്ട്. – ഡിസിപി മഞ്ജനാഥ് സിംഗ് പറഞ്ഞു.
അതേ സമയം യുവതി പരാതിയോടൊപ്പം നൽകിയ രേഖകളും മുംബൈ പോലീസ് പരിശോധിച്ചു തുടങ്ങി. ഇതു കൂടാതെ യുവതിയുടെ ബാങ്ക് സ്റ്റേറ്റ് മെന്റ്, യുവതിയുടേയും കുട്ടിയുടേയും പാസ്പോർട്ട്, 2010നും 15നും ഇടയിൽ യുവതിയും ബിനോയിയും കണ്ടു എന്ന് പറയുന്ന മുംബൈയിലെ ഹോട്ടലുകളിലെ രേഖകൾ തുടങ്ങിയവയും പോലീസ് പരിശോധിക്കും.