കോട്ടയം: കോവിഡ് ലോക്ക്ഡൗണ്‍ കാലത്തു സ്നേഹസ്പർശമായി മാറുകയാണ് ബിനോയി മണി എന്ന ചെറുപ്പക്കാരനും നവജ്യോതി ട്രസ്റ്റും.കോട്ടയം പൂവന്തുരുത്ത് പുതുപ്പറന്പിൽ ബിനോയി മണിയുടെ നേതൃത്വത്തിലുള്ള നവജ്യോതി ട്രസ്റ്റ് കോവിഡ് കാലത്തു വിസ്മയകരമായ സേവനപ്രവർത്തനങ്ങളാണ് നൽകുന്നത്.
ഭക്ഷണം, ജോലി നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ, മരുന്നുകൾ, മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും എല്ലാ ദിവസവും പ്രഭാത ഭക്ഷണം.
നിർധനരായ കുട്ടികൾക്ക് ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോണുകൾ, മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്ക് വാക്കർ തുടങ്ങി നിരവധി സേവന സന്നദ്ധ പ്രവർത്തനങ്ങൾ ഇതിനകം ചെയ്തു കഴിഞ്ഞു.
സ്നേഹപന്തൽ
ആർപ്പൂക്കര സൂര്യകവലയ്ക്കു സമീപം റോഡിൽ സ്നേഹപന്തൽ ഒരുക്കിയാണ് നിർധനരായ കുടുംബങ്ങളെ കോവിഡ് കാലത്തു സഹായിച്ചത്. കവലയിൽ പന്തൽ കെട്ടി ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും ട്രസ്റ്റ് ശേഖരിച്ചു. ആവശ്യക്കാർക്ക് ആവശ്യാനുസരണം പന്തലിൽനിന്ന് ഭക്ഷ്യവസ്തുക്കൾ എടുക്കാമായിരുന്നു.
നിരവധി കുടുംബങ്ങൾക്കാണ് സ്നേഹപന്തൽ സഹായമായത്. ജനമൈത്രി പോലീസിന്റെ പിന്തുണയും മിക്ക പരിപാടികൾക്കുമുണ്ടായിരുന്നു.
ആർപ്പൂക്കര, അയ്മനം പഞ്ചായത്തിലെ കോളനികൾ കേന്ദ്രീകരിച്ചു കോവിഡ് കാലത്തു മൂന്നു തവണയാണ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്. 21 പലവ്യജ്ഞനങ്ങൾ അടങ്ങിയ കിറ്റ് വീടുകളിലെത്തിച്ചു നൽകുകയായിരുന്നു.
ലൈവ്പഴ്സൽ വണ്ടി
ആരും വിശന്നിരിക്കാതിരിക്കാനായി ട്രസ്റ്റ് ആവിഷ്കരിച്ച നൂതന സംവിധാനമായിരുന്നു ലൈവ് പാഴ്സൽ വണ്ടി. ഡ്യൂട്ടിയിലുള്ള പോലീസുകാർ, ആരോഗ്യ പ്രവർത്തകർ, അവശ്യസർവീസ് ജീവനക്കാർ, ക്വാറന്റൈനിൽ കഴിഞ്ഞവർ, വഴിയോരങ്ങളിൽ കഴിയുന്നവർ എന്നിവർക്കാണ് ലൈവായി പാഴ്സൽ ഭക്ഷണം നൽകിയത്.
സൊസൈറ്റിയുടെ കുടയംപടിയിലുള്ള ഓഫീസിനോടു ചേർന്നുള്ള അടുക്കളയിൽനിന്നു പാതി തയാറാക്കി കൊണ്ടുവരുന്ന ഭക്ഷണം ബിനോയിയുടെ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്ന ലൈവ് അടുക്കളയിൽ വച്ചു പാകപ്പെടുത്തിയാണ് ആളുകൾക്കു നൽകിയിരുന്നത്.
പാഴ്സലായി നൽകുന്നതിനു പുറമേ വാഹനങ്ങളിലിരുന്നു കഴിക്കുന്നതിനും സൗകര്യം ഒരുക്കിയിരുന്നു.ഓണ്‍ലൈൻ പഠനത്തിനു ബുദ്ധിമുട്ടുന്ന നിർധനരായ അന്‍പതോളം കുട്ടികൾക്കാണ് മൊബൈൽ ഫോണ്‍ നൽകിയത്.
പ്രഭാത ഭക്ഷണം
സൊസൈറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും എല്ലാ ദിവസവും രാവിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം നൽകി വരുന്നു. ബുധനാഴ്ച ദിവസങ്ങളിൽ ഉച്ചഭക്ഷണവും.
സുഹൃത്തുക്കളും അഭ്യൂദയകാംഷികളും സോഷ്യൽ മീഡിയ സുഹൃത്തുകളും നൽകുന്ന പണമാണ് സൗജന്യ ഭക്ഷണവിതരണത്തിനും കോവിഡ് കാലത്തെ കിറ്റ് വിതരണത്തിനും സഹായകരമായത്.
പാവങ്ങൾക്കായി ഒരു അഗതി മന്ദിരം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിനായി ശ്രമിക്കുകയാണ് ബിനോയി. ബിനോയി മണി: 9961002627