കോട്ടയത്തെ മിന്നുന്ന വിജയത്തിന്റെ ക്രെഡിറ്റ് ജോസ് കെ മാണിയ്ക്ക് നല്‍കേണ്ടതില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം.
ഈ വിജയം എല്‍ഡിഎഫിന്റെ വിജയമാണെന്നും അല്ലാതെ വിജയത്തെ ഇങ്ങനെ കംപാര്‍ട്ട്മെന്റ് തിരിച്ച് ഇത് ഈ ആളിന്റെ വിജയം അത് ആ പാര്‍ട്ടിയുടെ വിജയം എന്ന് അവകാശപ്പെടുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ മാണിയെ ഒപ്പം കൂട്ടിയ മുന്നണിതീരുമാനം വിജയമാണ് എന്നതിന്റെ പ്രതിഫലനമല്ലേ കോട്ടയത്തേത് എന്ന ചോദ്യത്തോടായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
ഇത് നേരത്തെ തന്നെ മുന്നില്‍ക്കണ്ട വിജയമാണ്. അത്രയധികം നല്ല കാര്യങ്ങളാണ് ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്തത്. അങ്ങനെയൊരു മുന്നണി ജയിക്കണമെന്ന് ജനങ്ങള്‍ തീരുമാനിച്ചതാണ്. ജോസ് കെ മാണി വിഭാഗം വന്നത് ഗുണം ചെയ്തിട്ടുണ്ട്.
അതിനപ്പുറം അതിനെപ്പറ്റി അമിതമായി കൊട്ടിഘോഷിക്കേണ്ട കാര്യമില്ല. ജോസ് കെ മാണിയുടെ വരവിന് അര്‍ത്ഥം ഒന്നുമില്ല എന്നല്ല. അതിന് അതിന്റേതായ അര്‍ത്ഥമുണ്ട്. അതിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിക്കുന്നുമുണ്ട് എന്നും ബിനോയ് വിശ്വം പറഞ്ഞു.