മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്‍റെ മുഖം; ഒരു സുപ്രഭാതത്തിൽ മാണിയെ ഇടതു മുന്നണിയുമായി സഹകരിപ്പിക്കാൻ കഴിയില്ലെന്ന് ബിനോയ് വിശ്വം

കൊല്ലം: കെ.എം.മാണിക്കെതിരായ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി സിപിഐ. മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്‍റെ മുഖമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. കൊല്ലത്ത് പാർട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഒരുപടി കൂടി കടന്ന മാണി വിരോധം സിപിഐ പ്രകടമാക്കിയത്.

മാണിയുടെ അഴിമതി രാഷ്ട്രീയം എൽഡിഎഫ് പലവട്ടം തുറന്നുകാട്ടിയിട്ടുണ്ട്. സിപിഐയും സിപിഎമ്മും ഇക്കാര്യം ചെയ്തിട്ടുണ്ട്. ഇതെല്ലാം മറന്ന് ഒരു സുപ്രഭാതത്തിൽ മാണിയെ ഇടതു മുന്നണിയുമായി സഹകരിപ്പിക്കാൻ കഴിയില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.

ദേശീയ തലത്തിൽ കോണ്‍ഗ്രസ് ഉൾപ്പടെയുള്ള മതേതര കക്ഷികളുമായി യോജിച്ച് പ്രവർത്തിക്കണമെന്നാണ് പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയം പറയുന്നത്. ബിജെപിയെ പ്രതിരോധിക്കാൻ ഇത് ആവശ്യമാണെന്നാണ് സിപിഐയുടെ നിലപാട്. പിന്നെ എന്തുകൊണ്ടാണ് കേരള കോണ്‍ഗ്രസ്-എമ്മിനെ സഹകരിപ്പിക്കാത്തത് എന്ന ചോദ്യത്തിനാണ് മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്‍റെ മുഖമാണെന്ന് ബിനോയ് വിശ്വം വ്യക്തമാക്കിയത്.

മാണിയുമായി ഒരു സഹകരണവും ഉണ്ടാകില്ലെന്നും ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വിജയിക്കാൻ മാണിയുടെ വോട്ട് ആവശ്യമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു.

Related posts