തൃശൂർ: കെ.എം. മാണിക്കു കമ്യൂണിസ്റ്റ് പാർട്ടിയെയോ ഇടതുപക്ഷത്തെയോക്കുറിച്ച് ഒന്നുമറിയില്ലെന്നും അതുകൊണ്ടാണു ശവക്കുഴിയെന്ന പ്രയോഗമെന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1947 ലുംപാർട്ടിയെ ഇങ്ങനെ പുച്ഛിച്ച ആളുകൾ ഉണ്ടായിരുന്നു. പത്തു വർഷത്തിനുള്ളിൽ കേരളത്തിന്റെ അധികാരത്തിലേക്കു വളർന്ന കമ്യൂണിസ്റ്റ് ചരിത്രം അധികാര മോഹികൾ പഠിക്കണം. മാണിയെ സംബന്ധിച്ചിടത്തോളം മൂന്നു തോണിയിലാണു യാത്ര. ഒരു കാൽ കോണ്‍ഗ്രസിൽ, മറ്റൊന്നു ബിജെപി പാളയത്തിൽ. ഇല്ലാത്ത മൂന്നാമത്തെ കാൽ ഇടതു മുന്നണിയിലേക്കു നീട്ടുകയാണു മാണിയെന്നും അദ്ദേഹം പറഞ്ഞു.
സി.എൻ. ജയദേവൻ എംപി അധ്യക്ഷനായി. മന്ത്രി വി.എസ്. സുനിൽകുമാർ, മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, സംസ്ഥാന കണ്ട്രോൾ കമ്മീഷൻ സെക്രട്ടറി എ.കെ. ചന്ദ്രൻ, കെ. രാജൻ എംഎൽഎ, കെ.കെ. വത്സരാജ്, കെ.ബി. സുമേഷ് എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിനു മുന്നോടിയായി നഗരത്തെ ചുവപ്പണിയിച്ചു റെഡ് വളണ്ടിയർ മാർച്ച് നടന്നു. സിഎംഎസ് സ്കൂൾ പരിസരത്തുനിന്നു തുടങ്ങിയ മാർച്ചിൽ 5000 റെഡ് വളണ്ടിയർമാർ അണിനിരന്നു. ഇന്നു സാഹിത്യ അക്കാദമി ഹാളിലെ ഗൗരി ലങ്കേഷ് നഗറിൽ വൈകീട്ട് 3.30നു നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സെമിനാർ സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.