കൊച്ചി: കൊച്ചിയിലെ ലോഡ്ജില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന ന്ന സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
അങ്കമാലി കോടുശേരി സ്വദേശികളായ സജീവിന്റെയും ഡിക്സിയുടെയും മകള്‍ ഒരുവയസും എട്ടുമാസവും പ്രായമുള്ള നോറ മരിയ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ സജീവിന്റെ അമ്മ സിപ്സി (52)യുടെ സുഹൃ ത്തും പള്ളുരുത്തി സ്വദേശിയുമായി ജോണ്‍ ബിനോയ് ഡിക്രൂസിനെ (28) എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് നോറ മരിയ കൊല്ലപ്പെട്ടത്. കുട്ടിയെ ലോഡ്ജിലെ ശുചിമുറിയിലെ ബക്കറ്റില്‍ വെള്ളംനിറച്ച് തലകുനിച്ച് നിറുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
കുഞ്ഞിന്റെ അമ്മൂമ്മ സിപ്സി തന്നിലേക്ക് അടുക്കാന്‍ ശ്രമിക്കുകയും ഇതിനായി കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛൻ താനാണെന്ന് മറ്റുള്ളവരോട് പറയുകയും ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നു പോലീസ് പറയുന്നു.
സജീവും ഭാര്യ ഡിക്സിയും പിണങ്ങിക്കഴിയുകയാണ്. ഇവര്‍ക്ക് അഞ്ച് വയസുള്ള ഒരു മകൻ കൂടിയുണ്ട്.
മൂന്നു മാസം മുമ്പ് ഡിക്സി വിദേശത്തേക്കു പോയി. അതിനു പിന്നാലെ അമ്മൂമ്മയായ സിപ്സി രണ്ട് കുട്ടികളെയും ഒപ്പംകൂട്ടി.
കൊച്ചിയിലെ വിവിധ ലോഡ്ജുകളില്‍ താമസിച്ച് ആഴ്ചയില്‍ ഒരുദിവസം അങ്കമാലിയിലെ വീട്ടിലേക്ക് പോകുന്നതായിരുന്നു ഇവരുടെ രീതി.
വഴിവിട്ട ജീവിതം നയിച്ചിരുന്ന സിപ്സിയുടെ ഇടപാടുകളെല്ലാം നിയന്ത്രിച്ചിരുന്നത് ബിനോയിയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
രാത്രിയില്‍ സിപ്സി പുറത്തുപോകുമ്പോള്‍ ബിനോയിയാണ് കുട്ടികളെ നോക്കിയിരുന്നത്.
സംഭവദിവസം പുലര്‍ച്ചെ കുട്ടി മലവിസര്‍ജനം നടത്തിയിരുന്നു. കുട്ടി ധരിച്ചിരുന്ന പാംപേഴ്സ് മാറ്റുകയും കുളിപ്പിക്കുകയും ചെയ്തശേഷം ബക്കറ്റില്‍ തലകീഴായി മുക്കിപ്പിടിക്കുകയായിരുന്നു.
ഈസമയം പുറത്തായിരുന്ന സിപ്സിയെ ഫോണില്‍ വിളിച്ച് കുട്ടി ഛര്‍ദിച്ചെന്ന് ബിനോയ് അറിച്ചു.
സിപ്സി എത്തിയശേഷമാണ് കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ കൊണ്ടുപോയത്.
പാല് കുടിക്കുന്നതിനിടെ ശിരസില്‍ കയറിയതാണെന്നായിരുന്നു ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്.
മരണത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു.
പോലീസ് അന്വേഷണം ആരംഭിച്ചതോടെ ബിനോയ് തന്റെ മാതാപിതാക്കളുടെ അടുത്തെത്തി കുറ്റസമ്മതം നടത്തി.
മാതാപിതാക്കൾ പള്ളുരുത്തി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും നോര്‍ത്ത് പോലീസ് എത്തി ബിനോയിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കേസില്‍ സിപ്സിയെ ചോദ്യംചെയ്തശേഷം വിട്ടയച്ചു. മരിച്ച നോറയുടെ സഹോദരൻ സിപ്സിക്കൊപ്പമുണ്ട്.
എറണാകുളം നേവല്‍ ബേസിലെ താത്കാലിക ജീവനക്കാരനായിരിക്കെയാണ് ബിനോയ് സിപ്സിയുമായി അടുക്കുന്നത്.
സിപ്സിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ്, അടിപിടി കേസുകളുണ്ട്.
കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നോറയുടെ മൃതദേഹം ഇന്നലെ വൈകിട്ട് 5.30ഓടെ അങ്കമാലി കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.