റെനീഷ് മാത്യു
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിയുടെ ഡിഎൻഎ പരിശോധനാഫലം കോടതിയിൽ സമർപ്പിച്ചതായി സൂചന.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിൽ എട്ടു വയസുള്ള കുട്ടിയുണ്ടെന്നുമുള്ള ബിഹാർ സ്വദേശിനിയുടെ പരാതിയിലാണ് ബിനോയിയുടെ രക്തസാന്പിളുകൾ കോടതി നിർദേശപ്രകാരം മുംബൈ ഓഷിവാര പോലീസ് ശേഖരിച്ചത്.
ഇതിന്റെ റിസൾട്ട് മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതിയിൽ സമർപ്പിച്ചതായാണു സൂചന. ലോക്ക്ഡൗണിനു ശേഷം കേസ് പരിഗണിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ കോടതികളൊന്നും പ്രവർത്തിക്കുന്നില്ല.
അത്യാവശ്യ കേസുകൾ മാത്രം വീഡിയോ കോൺഫറൻസ് വഴിയാണ് പരിഗണിക്കുന്നത്. മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതിയുടെ പരിഗണനയിലാണ് കേസുള്ളത്.
ലൈംഗിക പീഡനക്കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബിനോയി കോടിയേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് രണ്ടുവർഷത്തേക്കു നീട്ടിയിരുന്നു. മുംബൈ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് 2021 ജൂൺ മാസത്തിലേക്കു മാറ്റിയത്.
കേസിൽ ഡിഎൻഎ പരിശോധനാ ഫലം ലഭിക്കാൻ വൈകുമെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് ഹർജി പരിഗണിക്കുന്നതു മുംബൈ ഹൈക്കോടതി മാറ്റിവച്ചത്. എന്നാൽ, ഡിഎൻഎ പരിശോധ റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ച സ്ഥിതിക്കു കേസ് ഉടൻ പരിഗണിക്കാൻ സാധ്യതയുണ്ട്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിൽ എട്ടു വയസുള്ള കുട്ടിയുണ്ടെന്നുമായിരുന്നു ബിഹാർ സ്വദേശിനിയുടെ പരാതി. കുട്ടിക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
യുവതിയുടെ പരാതിയിൽ മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ ബിനോയിക്കെതിരേ കേസും രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് കേസ് കോടതിയിൽ എത്തിയപ്പോൾ ബിനോയ് കോടിയേരിക്കെതിരേ കൂടുതൽ തെളിവുകൾ യുവതി പുറത്തു വിടുകയായിരുന്നു.
കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ബിനോയ് എന്നു രേഖപ്പെടുത്തിയ കാര്യവും ഗ്രേറ്റര്‍ മുംബൈയിലെ മുനിസിപ്പല്‍ കോര്‍പറേഷനിൽ ജനനസര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്തതും രേഖാമൂലം കോടതിയിൽ സമർപ്പിച്ചു.
2010ൽ ആയിരുന്നു രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന് എന്നും രേഖപ്പെടുത്തിയിരുന്നു.
2014ൽ ആണ് യുവതി പാസ്പോര്‍ട്ട് പുതുക്കിയത്. ഇതിന്റെ രേഖകള്‍ അടക്കം യുവതി മുംബൈ പോലീസിനും കോടതിക്കും കൈമാറിയിരുന്നു.പുതുക്കിയ പാസ്പോര്ട്ടില് യുവതിയുടെ പേരിനൊപ്പം രണ്ടാം പേരായി ബിനോയി എന്നും യുവതി ചേര്‍ത്തിരുന്നു.
2009 മുതൽ 2015 വരെ ബിനോയ്ക്കൊപ്പം ഭാര്യയെപ്പോലെ ജീവിച്ചു എന്നും ഈ ബന്ധത്തിൽ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും യുവതി പറഞ്ഞതിനെത്തുടർന്നു കോടതി ഡിഎൻഎ പരിശോധന നടത്താൻ നിർദേശിക്കുകയായിരുന്നു. ഇതിനിടെ, സംഭവം ഒത്തുതീർപ്പാക്കാൻ പലവട്ടം ശ്രമം നടത്തിയതിന്റെ വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.