മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി പീഡിപ്പിച്ചതായുള്ള പരാതിയിൽ ഓഷിവാരാ പോലീസ് യുവതിയുടെ രഹസ്യമൊഴിയെടുക്കും.
യുവതി ആദ്യം നല്കിയ മൊഴികളിൽ വൈരുധ്യമുള്ളതിനാലാണ് രഹസ്യമൊഴിയെടുക്കുന്നത്. പീഡനക്കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ അഭിഭാഷകനും കണ്ണൂർ സ്വദേശിയുമായ കെ.പി. ശ്രീജിത്തിനെ പോലീസ് ചോദ്യംചെയ്തേക്കും. താൻ ഇടനിലക്കാരനായി നിന്ന് ബിനോയിയും യുവതിയുമായുള്ള പ്രശ്നം ഒത്തുതീർക്കാൻ ശ്രമിച്ചതായി ശ്രീജിത്ത് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ശ്രീജിത്തിനെ ചോദ്യംചെയ്യുന്നത്.
പീഡിപ്പിച്ചതായുള്ള യുവതിയുടെ പരാതിയിൽ ബിനോയിയുടെ അറസ്റ്റ് ഉടൻ വേണ്ടെന്നും മുൻകൂർ ജാമ്യഹർജി പരിഗണിച്ചതിനുശേഷം മാത്രം മതിയെന്നുമുള്ള തീരുമാനത്തിലാണ് മുംബൈ പോലീസ്. ബിനോയി കോടിയേരി സമർപ്പിച്ച മുൻകൂർ ജാമ്യഹർജി നാളെ മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതി ജഡ്ജി എം.എച്ച്. ഷെയ്ക്ക് പരിഗണിക്കും. ഇതിനിടെ കേസ് പുറത്തുനിന്ന് ഒത്തുതീർത്ത് യുവതിയെക്കൊണ്ട് പരാതി പിൻവലിപ്പിക്കാനുള്ള ശ്രമങ്ങളും മുംബൈ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.
ജാമ്യം കിട്ടിയതിനുശേഷം പോലീസ്അന്വേഷണവുമായി സഹകരിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിനോയ് എന്നാണ റിയുന്നത്. എന്നാൽ, ബിനോയിക്കെതിരേ ശക്തമായ തെളിവുള്ളതിനാൽ കോടതി ജാമ്യം നൽകില്ലെന്നാണ് പ്രോസിക്യൂഷൻ കരുതുന്നത്.