കൊച്ചി: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര സമര സേനാനിയും മുൻമന്ത്രി ബിനോയ് വിശ്വത്തിന്റെ മാതാവുമായ സി.കെ. ഓമന (83) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്നു ഇന്നു രാവിലെ ആറിന് എറണാകുളം പാലാരിവട്ടം സൗത്ത് ജനതാ റോഡിൽ എൽഐസി ലെയ്നിലെ ചേലാട്ട് വസതിയിലായിരുന്നു അന്ത്യം.
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും മുൻ എംഎൽഎയുമായ സി.കെ. വിശ്വനാഥിന്റെ ഭാര്യയാണ്. സംസ്കാരം നാളെ രാവിലെ പത്തിന്. മറ്റുമക്കൾ: ബീന കോമളൻ, പരേതനായ ബിനോദ് വിശ്വം. മരുമക്കൾ: കെ.ജി. കോമളൻ, ഷൈല, നജി.
എസ്എൻഡിപി യോഗത്തിന്റെ സംഘടനാ സെക്രട്ടറിയായിരുന്ന വൈക്കം മാളികേയിൽ വീട്ടിൽ പരേതനായ ഇ. മാധവന്റെ മകളാണ്.
ആലപ്പുഴ എസ്ഡി കോളജിലെ പഠനകാലത്ത് ഓൾ ഇന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. കോളജ് കാലത്ത് മുൻമന്ത്രി സുശീല ഗോപാലൻ സഹപാഠിയായിരുന്നു. പിന്നീട് കേരള മഹിളാ സംഘത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖയായിരുന്നു ഓമന. ഖാദി പ്രസ്ഥാനവുമായി ചെറുപ്പകാലത്തുതന്നെ ബന്ധപ്പെട്ട ഇവർ പിൽകാലത്ത് ഖാദി ബോർഡിന്റെ വൈസ് ചെയർപേഴ്സണായും പ്രവർത്തിച്ചു.
എൽഐസിയിൽ ഉദ്യോഗം ലഭിച്ച് എറണാകുളത്ത് എത്തിയ ഓമന സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടിവിൽ ദീർഘകാലം അംഗമായിരുന്നു. നാടകം ഉൾപ്പെടെയുള്ള കലാപ്രവർത്തനങ്ങളിലും സജീവവമായിരുന്നു. സഹോദരങ്ങൾ: സി.എം. തങ്കപ്പൻ, സി.കെ. തുളസി, സി.കെ. സാലി, സി.കെ. ലില്ലി, സി.എം. ജോയ്, സി.എം. ബേബി.