കണ്ണൂർ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം വാങ്ങിയ സംഭവത്തിൽ പിടിയിലായ യുവതിക്ക് പിന്നിൽ ഇരിട്ടി സ്വദേശിനിയായ മാഡവും.
നിരവധി പേരുടെ കയ്യിൽ നിന്നായി രണ്ട് ലക്ഷത്തിലധികം രൂപയാണ് ഇന്നലെ പിടിയിലായ ഇരിട്ടി ചരൾ സ്വദേശി ബിൻഷ ഐസക്ക് (28) കൈക്കലാക്കിയത്.
കണ്ണൂർ ടൗൺ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇരിട്ടി സ്വദേശിനിയായ മാഡത്തെക്കുറിച്ചും സൂചന ലഭിച്ചത്. ഇവരുടെ നിർദേശപ്രകാരമാണ് ബിൻഷ തട്ടിപ്പ് നടത്തിയതെന്നും സൂചനയുണ്ട്.
ബാസ്ക്കറ്റ്ബോൾ താരമായ ബിൻഷയ്ക്ക് റെയിൽവേയിൽ താത്കാലികാടിസ്ഥാനത്തിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ, കുറച്ചുനാൾ മുന്പ് ഈ ജോലി നഷ്ടപെട്ടിരുന്നു.
റെയിൽവേയിൽ ജോലിയുണ്ടെന്ന് പറഞ്ഞ് സമ്പന്ന കുടുംബത്തിൽ നിന്നും വിവാഹം കഴിച്ച ബിൻഷ ജോലി നഷ്ടപെട്ട വിവരം ഭർത്താവിനോട് പോലും അറിയിച്ചിരുന്നില്ല.
ജോലിക്ക് പോകാനായി കണ്ണൂരിലെ വാടക വീട്ടിലാണ് ഭർത്താവും കുട്ടിയുമൊത്ത് താമസിച്ചിരുന്നത്. എന്നും രാവിലെ ഭർത്താവ് ജോലിക്കായി ബിൻഷയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുചെന്നാക്കും.
ഭർത്താവിന്റെയും വീട്ടുകാരുടെയും മുന്നിൽ ജോലിയുണ്ടെന്ന് അഭിനയിച്ച് ഇരിട്ടി സ്വദേശിനിയുമായി ചേർന്ന് ജോലി വാഗ്ദാനം നൽകി പണം തട്ടുകയായിരുന്നു.
കൂടുതൽ പരാതികൾ
ടിടിഇ, ബില്ലിംഗ് ക്ലർക്ക് ജോലി വാഗ്ദാനംചെയ്താണ് ബിൻഷ പണം തട്ടിയിരുന്നത്. ആറ്റടപ്പ സ്വദേശിനി ഹെനക്ക് പിന്നാലെ നിരവധി പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് സൂചന.
നിലവിൽ, അഞ്ച് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ജോലിക്കായി അമ്പതിനായിരം മുതൽ ഒരുലക്ഷം വരെയാണ് വാങ്ങിയത്.
എത്രപേർ പറ്റിക്കപ്പെട്ടിട്ടുണ്ടെന്ന് കൂടുതൽ അന്വേഷണത്തിലെ കണ്ടെത്താൻ കഴിയുവെന്ന് പോലീസ് പറഞ്ഞു.അപേക്ഷ നൽകുന്നതിന് 15,000, പരീക്ഷാ ഫീസായി പതിനായിരം, യൂണിഫോമിന് 5000, ജോലിയിൽ ചേർന്നാൽ ഭക്ഷണത്തിനും താമസസൗകര്യത്തിനുമായി 15,000 എന്നിങ്ങനെ ഇനം പറഞ്ഞ് പണം വാങ്ങി.
ബിൻഷ പിടിയിലായ വിവരമറിഞ്ഞ് തട്ടിപ്പിനിരയായ കൂടുതൽ പേർ പോലീസിനെ ബന്ധപ്പെടുന്നുണ്ട്. ബിൻഷയ്ക്ക് റെയിൽവേയിൽ ജോലിയാണെന്നും റെയിൽവേയുടെ ഫ്ലാറ്റിലാണ് താമസമെന്നും നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്.
ബിൻഷ മുങ്ങി
കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയതോടെ പിടിക്കപ്പെടുമെന്ന് തോന്നിയ ബിൻഷ മുങ്ങുകയായിരുന്നു. പതിവുപോലെ ഒരു ദിവസം റെയിൽവേയിൽ ജോലിക്കായി ഭർത്താവ് ബിൻഷയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടു.
എന്നാൽ, വൈകുന്നേരം കൂട്ടാനെത്തിയപോൾ ബിൻഷയെ കാണാനില്ല. വൈകുന്നതായിരിക്കുമെന്ന് കരുതി ഭർത്താവ് തിരിച്ച് താമസ സ്ഥലത്തേക്ക് പോയി.
എന്നാൽ, രാത്രിയായിട്ടും ബിൻഷ വന്നില്ല. ഫോൺ വിളിച്ചിട്ട് സ്വിച്ച് ഓഫ്. തുടർന്ന് ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിന്റെ അന്വേഷണം നടത്തിവരവെയാണ് ആറ്റടപ്പ സ്വദേശി ഹെനയും സുഹൃത്തുക്കളും ബിൻഷയെ പിടികൂടി റെയിൽവേ പോലീസിലേൽപ്പിക്കുന്നത്.
കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം ബിൻഷയെ ചോദ്യം ചെയ്തുവരികയാണ്.