തിരുവനന്തപുരം: തന്റെ ഭര്‍ത്താവ് ഡോണോ, മയക്കുമരുന്ന് രാജാവോ അല്ല, വെറും സാധാരണ മനുഷ്യനാണെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ.
മാധ്യമങ്ങളോട് സംസാരിക്കവെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഇഡി ഉദ്യോഗസ്ഥർ രേഖകളിൽ ഒപ്പിടുവാൻ നിർബന്ധിച്ചുവെന്നും അവർ ആരോപിച്ചു.
ബിനീഷ് കുടുങ്ങാന്‍ പോകുകയാണെന്നും അവിടെനിന്നും പുറത്തിറങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഒപ്പിടണമെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാല്‍ അനൂപ് മുഹമ്മദിന്റെ പേരിലുള്ള കാര്‍ഡ് കണ്ടപ്പോള്‍ ഒപ്പിടാനാകില്ലെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചു.
അത്തരത്തിലൊരു കാര്‍ഡ് ബിനീഷിന്റെ മുറിയില്‍ നിന്നും കണ്ടെടുത്തെങ്കില്‍ അത് എടുക്കുമ്പോൾ വിളിച്ചു കാണിക്കണമായിരുന്നു. കാണിക്കാത്ത സാഹചര്യത്തില്‍ ഒപ്പിടാനാകില്ലെന്ന് പറഞ്ഞു. ബിനീഷ് പറഞ്ഞാല്‍ ഒപ്പിടുമോയെന്ന് ചോദിച്ചു.
ബിനീഷല്ല, ആരു പറഞ്ഞാലും ബോധ്യപ്പെടാത്ത കാര്യത്തില്‍ ഒപ്പിടില്ലെന്ന് അറിയിച്ചു.
അല്ലെങ്കില്‍ നിങ്ങള്‍ കൊണ്ടുവന്നുവെച്ചതാണെന്ന് എഴുതി താന്‍ ഒപ്പിട്ടു നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ അത് പറ്റില്ലെന്ന് ഇഡി അറിയിച്ചു.
ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന സാക്ഷി ഹാളില്‍ ഇരിക്കുകയായിരുന്നു. സാക്ഷി മുറിയിലേക്ക് പോയിരുന്നില്ല. തന്റെ ഫോണ്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
രാത്രി കുഞ്ഞിന് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. കുഞ്ഞിന് ഭക്ഷണം നല്‍കാനോ വസ്ത്രം മാറാന്‍ പോലും സാധിച്ചില്ലെന്നും ബിനീഷിന്റെ ഭാര്യ ആരോപിച്ചു.
ബിനീഷിന്റെ വീട്ടിൽ നിന്നും അന്വേഷണ സംഘം മടങ്ങി; തടഞ്ഞ് കേരള പോലീസ്
തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്ക് ശേഷം ബിനീഷ് കോടിയേരിയുടെ മരുതുംകുഴിയിലെ വീട്ടില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. എന്നാല്‍ ഇവരെ വീടിനു മുന്പില് വച്ച് കേരള പോലീസ് തടഞ്ഞു.
ഇഡി, സിആർപിഎഫ്, കർണാടക പോലീസ് എന്നിവർക്കെതിരെ ബിനീഷിന്റെ ബന്ധുക്കള്‍ പൂജപ്പുര പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇഡിയെയും സംഘത്തെയും തടഞ്ഞത്.
അന്വേഷണ സംഘത്തിലുള്ളവരെക്കുറിച്ചുള്ള വിശദാശംങ്ങള്‍ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും പിന്നീട് നല്‍കാമെന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്.
പിന്നീട് പോലീസ് ഇവരെ മടങ്ങാന്‍ അനുവദിച്ചു. 26 മണിക്കൂർ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ഇഡി ഉദ്യോഗസ്ഥർ ഇവിടെ നിന്നും മടങ്ങിയത്.