കോട്ടയം: പാന്പാടി ക്രോസ്റോഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒന്പതാം ക്ലാസ് വിദ്യാർഥിയും വാഴൂർ 14-ാം മൈൽ പൊടിപാറയിൽ ഈപ്പൻ വർഗീസിന്റെ മകനുമായ ബിന്റോ(14) ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് ആരഭിച്ചു.
ഇന്നലെയാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, പള്ളിക്കത്തോട് എസ്ഐ മഹേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗസംഘത്തെ കേസ് അന്വേഷണത്തിനായി നിയോഗിച്ചത്. കേസുമായി ബന്ധപ്പെട്ട് മരിച്ച വിദ്യാർഥി ബിന്റോയുടെ പിതാവിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
സ്കൂളിലെ അധ്യാപകരുടെ മാനസികപീഡനം മൂലമാണ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് പിതാവ്. മറ്റ് വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തും. ഇതിനുള്ള നടപടികൾ ആരംഭിച്ചു. മരിച്ച വിദ്യാർഥിയുടെ സഹപാഠികളുടെ പേരുകൾ മാത്രമാണ് ഇപ്പോൾ അന്വേഷണ സംഘത്തിന്റെ പക്കലുള്ളത്.
ഇവരുടെ മേൽവിലാസം ശേഖരിച്ച് വീട്ടിലെത്തി മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. സ്കൂളിലെ രജിസ്റ്ററും പരീക്ഷാ പേപ്പറുകളും മറ്റും പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും ഡിവൈഎസ്പി ഇമ്മാനുവൽ പോൾ പറഞ്ഞു. അതേ സമയം ന്യുനപക്ഷ കമ്മീഷന് ഇന്നലെ പോലീസ് റിപ്പോർട്ട് കൈമാറി.
കോട്ടയം കളക്ടറേറ്റിൽ നടന്ന സിറ്റിംഗിലാണ് റിപ്പോർട്ട് നല്കിയത്. സംഭവത്തെക്കുറിച്ചുള്ള പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. പോലീസ് ചീഫിന്റെ റിപ്പോർട്ടിൻമേൽ അനന്തര നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ അംഗം ബിന്ദു എം. തോമസ് അറിയിച്ചു.