കോട്ടയം: സ്കൂൾ അധികൃതരുടെ മാനസികപീഡനത്തെ തുടർന്നാണ് ഒന്പതാംക്ലാസ് വിദ്യാർഥി ബിന്റോ ജീവനൊടുക്കാൻ കാരണമെന്ന പിതാവ് ഈപ്പൻ വർഗീസിന്റെ മൊഴിയിൽ പള്ളിക്കത്തോട് പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച ബിന്റോയുടെ സഹപാഠികൾ, സ്കൂൾ അധികൃതർ എന്നിവരുടെ മൊഴികൂടി രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി. ഇപ്പോൾ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അന്വേഷണം പൂർത്തിയായ ശേഷമേ കേസ് ഏതെല്ലാം വകുപ്പിലേക്ക് മാറ്റണമെന്നു തീരുമാനിക്കുകയുള്ളൂവെന്ന് പള്ളിക്കത്തോട് എസ്ഐ പറഞ്ഞു. സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണ് തന്റെ മകൻ ജീവനൊടുക്കാൻ കാരണമെന്ന് വീട്ടിലെത്തിയ മാധ്യമപ്രവർത്തകരോട് പിതാവ് ഈപ്പൻ വർഗീസ് ആവർത്തിച്ചു. രണ്ടാംടേമിൽ രണ്ടു വിഷയത്തിനു തോറ്റിരുന്നു. ഇതിനാൽ പത്താംക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകാൻ കഴിയില്ലെന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങിപ്പോകാൻ സ്കൂൾ അധികൃതർ നിദേശിച്ചിരുന്നു.
ഇതേ തുടർന്ന് മറ്റൊരു സ്കൂളിൽ പ്രവേശനം തരപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനൊപ്പം പത്താംക്ലാസിലേക്കായി നൽകിയ പുസ്തകങ്ങൾ തിരികെ വാങ്ങുകയും ചെയ്തു. ഇതേത്തുടർന്നുണ്ടായ മനോവിഷമം മൂലമാണ് ബിന്റോ ജീവനൊടുക്കിയതെന്നും അദ്ദേഹം പറഞ്ഞു. പാന്പാടി ക്രോസ്റോഡ്സ് സ്കൂളിലെ ഒന്പതാംക്ലാസ് വിദ്യാർഥി വാഴൂർ 14-ാം മൈൽ പൊടിപാറയിൽ ഈപ്പൻ വർഗീസിന്റെ മകൻ ബിന്റോയെ (14) വീട്ടിൽ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്.
ശനിയാഴ്ച വൈകുന്നേരം 3.45നാണ് സംഭവം. പത്താംക്ലാസിൽ നൂറുശതമാനം വിജയത്തിനായി ചില വിഷയങ്ങളിൽ മാർക്കുകുറഞ്ഞ ബിന്റോ ഉൾപ്പെടെയുള്ള വിദ്യാർഥികളോട് ടിസി വാങ്ങി പോകാൻ സ്കൂൾ അധികൃതർ നിർദേശിച്ചതായും പറയപ്പെടുന്നു.
ബിന്റോയുടെ മരണത്തിന് ഇടയാക്കിയ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാണ് എസ്എഫ്ഐ അടക്കമുള്ള വിദ്യാർഥി സംഘടനകളുടെ ആവശ്യം.
ഈ ആവശ്യമുന്നയിച്ച് എസ് എഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് അക്രമാസതകമായിരുന്നു. സ്കൂൾ അടിച്ചുതകർത്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 200പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
സ്കൂൾ പ്രിൻസിപ്പലിന്റെ വീട്ടിലേക്കു മാർച്ച് നടത്തിയ യൂത്ത് കോണ്ഗ്രസ് റീത്തുവച്ചാണു പ്രതിഷേധിച്ചത്. എന്നാൽ ഈപ്പൻ വർഗീസിന്റെ ആരോപണത്തോട് പ്രതികരിക്കാൻ സ്കൂൾ അധികൃതർ തയാറായില്ല.ചു