ഇരിങ്ങാലക്കുട: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വെസ്റ്റ് ബംഗാൾ ജാൽപൈഗുരി രാംജോറ ജെറ്റ ലൈനിൽ ബിനു ഒറയോണ് (39) എന്നയാൾക്ക് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് വിവിധ വകുപ്പുകളിലായി 10 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം.2018 ജനുവരി ആറിന് രാവിലെ എട്ടോടെ പുത്തൻചിറ കരിങ്ങാച്ചിറ പേൻതുരുത്ത് റോഡിൽ നിക്സണ് എന്നയാളുടെ ഫാമിനോടു ചേർന്നുള്ള വീട്ടിലെ കിടപ്പുമുറിയിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതിയും പ്രതിയുടെ ഭാര്യയും താമസിക്കുന്ന കിടപ്പുമുറിയിൽ ഭാര്യയെ കാണാത്തതിനെതുടർന്ന് പ്രതി അന്വേഷിച്ചു നടക്കവെ ഫാമിലെ കോന്പൗണ്ടിനകത്ത് മുൻവശം ഗേറ്റിനോടു ചേർന്നുള്ള ടെറസിട്ട വീടിന്റെ കിടപ്പുമുറിയിൽ ഭാര്യയെയും കൂടെ ബുദുവ ഓറാം എന്നയാളെയും കാണപ്പെട്ടു.
പ്രകോപിതനായി മുൻവശത്തെ ജനലിലൂടെ കൈയിട്ട് ഭാര്യയുടെ കാലിൽ പിടിച്ചുവലിച്ചും പട്ടികവടി എടുത്തു കൊണ്ടുവന്ന് തുറന്നിട്ട വാതിലിലൂടെ അകത്തേക്കു കയറി ഭാര്യയെ പട്ടികവടി കൊണ്ടടിക്കുകയും ബലമായി വലിച്ചിഴച്ച് പിന്നെയും ക്രൂരമായി മർദിക്കുകയും ചെയ്തു.
തടുക്കാൻ ചെന്ന ബുദുവയെയും അടിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രതിയുടെ ഭാര്യയെ മാള നീം കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മാള പോലീസ് ഇൻസ്പെക്ടർ ആയിരുന്ന കെ.കെ. ഭൂപേഷ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും രേഖകൾ ഹാജരാക്കുകയും ചെയ്തു.
ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.
കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി എന്നിവർ ഹാജരായി.