വടിവാളുകൊണ്ട് കേക്ക് മുറിച്ച് ബിനു! മലയാളി ഗുണ്ടാനേതാവിന്റെ പിറന്നാളോഘോഷത്തിനിടെ 75ലധികം പിടികിട്ടാപ്പുള്ളികള്‍ പോലീസ് പിടിയില്‍; പിടിച്ചെടുത്തവയില്‍ വടിവാളുകളും കത്തികളും

ഒരു ഗുണ്ടയുടെ പിറന്നാള്‍ ആഘോഷം പോലീസിന് പെരുന്നാളാഘോഷമായി മാറി. മലയാളി ഗുണ്ടാ നേതാവിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ പോലീസിന് പിടികൂടാനായത് 75 പിടികിട്ടാപ്പുള്ളികളെ. ചെന്നൈ അമ്പത്തൂര്‍ മലയമ്പാക്കത്ത് ഗുണ്ടാനേതാവ് ബിനുവിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഒത്തു കൂടിയപ്പോഴാണ് ഗുണ്ടകളെ പോലീസ് വളഞ്ഞിട്ട് പിടിച്ചത്.

അമ്പതിലേറെ പേരടങ്ങിയ പോലീസ് സംഘം ആഘോഷ സ്ഥലത്തെത്തി തോക്ക് ചൂണ്ടി ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. മുപ്പതിലേറെ പേരെ സ്ഥലത്ത് വെച്ചും ഓടി രക്ഷപ്പെട്ട ബാക്കിയുള്ളവരെ തുടര്‍ന്നു നടത്തിയ തിരച്ചിലിലുമാണ് പ്രദേശത്ത് നിന്ന് പിടികൂടിയത്. എന്നാല്‍ ബിനു ഉള്‍പ്പെടെയുള്ള പലരും രക്ഷപ്പെട്ടു.

ചൊവ്വാഴ്ച വൈകിട്ട് നടന്ന വാഹന പരിശോധനയ്ക്കിടെ മദന്‍ എന്ന ഗുണ്ട അറസ്റ്റിലായതോടെയാണ് പിറന്നാള്‍ ആഘോഷത്തേക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ബിനുവിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ നഗരത്തിലെ ഗുണ്ടകള്‍ ഒത്തുകൂടുന്നുണ്ടെന്നും താന്‍ അതിനു പോവുകയാണെന്നും ഇയാള്‍ മൊഴി നല്‍കി. തുടര്‍ന്ന് ഗുണ്ടാ വേട്ട നടത്താന്‍ ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ എകെ വിശ്വനാഥന്‍ ഉത്തരവിടുകയായിരുന്നു.

തിരുവനന്തപുരം സ്വദേശിയായ ബിനു ചെന്നൈ ചൂളൈമേടിലാണ് താമസം. എട്ട് കൊലപാതക കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ആളൊഴിഞ്ഞ സ്ഥലത്തുള്ള വര്‍ക്ഷോപ്പിന് സമീപമായിരുന്നു ആഘോഷം. 150ലേറെ പേര്‍ ആഘോഷത്തിനെത്തിയിരുന്നു. സ്വകാര്യ കാറുകളിലായാണ് പോലീസ് സംഘവും സ്ഥലത്തെത്തിയത്.

വടിവാള്‍ ഉപയോഗിച്ചാണ് ബിനു കേക്ക് മുറിച്ചത്. ഇതിനിടെ പോലീസ് എത്തുകയായിരുന്നു. ഓടി രക്ഷപ്പെട്ടവരെ പിന്നീട് പ്രദേശ വാസികളുടെ സഹായത്തോടെയാണ് പിടികൂടിയത്. രാത്രി ഒമ്പതിനു തുടങ്ങിയ ഗുണ്ടാ വേട്ട ബുധനാഴ്ച രാവിലെ അഞ്ചുവരെ തുടര്‍ന്നു. എട്ട് കാറുകള്‍, 38 ബൈക്കുകള്‍, 88 മൊബൈല്‍ ഫോണുകള്‍, വടിവാളുകള്‍, കത്തികള്‍ തുടങ്ങിയവയും പിടിച്ചെടുത്തു.

 

Related posts