കോട്ടയം: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത തിരുവല്ല സ്വദേശി ബിനു ചാക്കോയ്ക്കെതിരേ കൂടുതൽ പരാതികൾ.
സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും ഇയാൾ സമാനമായ രീതിയിൽ പലരിൽ നിന്നും പണം തട്ടിയെടുത്തതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ പണം നഷ്്ടപ്പെട്ട ചിലർ കോട്ടയം വെസ്റ്റ് പോലീസുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്.
തിരുവാതുക്കലിൽ താമസിക്കുന്നയാളുടെ മകൾക്കു എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്താണ് 20 ലക്ഷം രൂപ തട്ടിയെടുത്തത്. ചെന്നൈയിലാണ് എംബിബിഎസ് അഡ്മിഷൻ വാഗ്ദാനം ചെയ്തിരുന്നത്.
നാളുകൾ കഴിഞ്ഞിട്ടും അഡ്മിഷൻ ലഭിക്കാതെ വന്നതോടെ ഇയാൾ ബിനു ചാക്കോയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പണം തിരികെ നൽകാൻ ഇയാൾ തയ്യാറായില്ല.
തുടർന്ന്് പോലീസിൽ പരാതി നൽകുകയായിരുന്നു. പീന്നിടാണ് ബിനു ചാക്കോയെ അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ഗാന്ധിനഗർ, മണർകാട്, പാലാ, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്.
കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്‍, എസ് ഐമാരായ നാരായണൻ ഉണ്ണി, അനിൽ വർഗീസ്, സിപിഒ സുദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.