കുന്നംകുളം: അപകടം തളർത്തിയ ശരീരത്തെ വകവയ്ക്കാതെ അതിജീവനത്തിന്റെ ജീവിതം കാൻവാസിൽ ഒരുക്കി കുന്നംകുളത്ത് ബിനുവിന്റെ ചിത്രപ്രദർശനം നടന്നു. ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച ചിത്രപ്രദർശനത്തിൽ ബിനു വരച്ച ചിത്രങ്ങൾ ഒരു മണിക്കൂറിനുള്ളിൽ വിറ്റുപോയത് ഒരുലക്ഷം രൂപയ്ക്കാണ്.
അതിജീവനത്തിനായി ജീവിതം പുതിയൊരു മേഖലയിലേക്കു മാറുകയും പിന്നീട് കാരുണ്യം തുണയായി എത്തുകയും ചെയ്തതോടെ കുന്നംകുളം കിഴൂർ സ്വദേശി ബിനുവിന്റെ ചിത്രപ്രദർശനം വേറിട്ടൊരു കാഴ്ചയായി. തനിക്കു നന്നായി വരക്കാനുള്ള കഴിവുണ്ടെന്ന് ബിനു തിരിച്ചറിഞ്ഞത് ജീവിതത്തെ ഉലച്ച വാഹനാപകടത്തിനുശേഷമാണ്.
കൈപറന്പിൽവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ശരീരം പാതിതളർന്ന് ജീവിതം വീൽചെയറിലേക്കും വീട്ടിലെ നാലുചുമരിനുള്ളിലേക്കും ഒതുങ്ങിയതോടെ ബിനു വർണങ്ങളടെ ലോകത്തേക്കു തിരിയുകയായിരുന്നു. ബിനുവിന്റെ ചിത്രരചനയോടുള്ള താല്പര്യവും മറ്റും മനസിലാക്കിയ കുന്നംകുളം ഷെയർ ആൻഡ് കെയർ പ്രവർത്തകർ ബിനു വരച്ച മനോഹര ചിത്രങ്ങൾ കാൻവാസിലാക്കി ഒരു പ്രദർശനത്തിനു വേദിയൊരുക്കി.
ഗാന്ധിജയന്തി ദിനത്തിൽ ബഥനി ഇംഗ്ലീഷ് സ്കൂൾ അങ്കണത്തിലാണ് ചിത്രങ്ങളുടെ പ്രദർശനവും വില്പനയും ഒരുക്കിയത്.പകുതി ചലിക്കുന്ന കൈകൾ കൊണ്ട് ബിനു വരച്ച 28 ചിത്രങ്ങളാണ് ഇവിടെ ഒരുക്കിയത്. ആദ്യ മണിക്കൂറിൽ തന്നെ ഈ 28 ചിത്രങ്ങൾ വിറ്റഴിച്ചത് 102000 രൂപയ്ക്കാണ്.
ഉദ്ഘാടകനായി എത്തിയ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ആദ്യ ചിത്രം പതിനായിരം രൂപയ്ക്കു വാങ്ങിക്കൊണ്ട് കാരുണ്യ സംഗമത്തിൽ പങ്കാളിയായി. കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ലെബീബ് ഹസൻ അധ്യക്ഷതയിൽ ചടങ്ങ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. സോളമൻ, ഫാ. ബെഞ്ചമിൻ, കെ.എ. അസീസ്, സായൂജ് ചുങ്കത്ത്, അഡ്വ. പി.വി. ചന്ദ്രൻ, അഡ്വ. എം.എസ്. ശ്യാംകുമാർ, ഷെമീർ ഇഞ്ചിക്കാലയിൽ, അജിത്ത് എം. ചീരൻ, എം. രാംദാസ്, സതീശ് കുമാർ പുളിയത്ത്, പി.എം. ബെന്നി എന്നിവർ സംസാരിച്ചു. എം. ബിജുബാൽ സ്വാഗതവും അഡ്വ. പ്രിനു പി. വർക്കി നന്ദിയും പറഞ്ഞു.