മുടങ്ങിയ ലോണ്‍ കുടിശ്ശിക തിരിച്ചടച്ചിട്ടും ബാങ്ക് ജീവനക്കാർ ഭീഷണിപ്പെടുത്തി. പിന്നാലെ ഗൃഗനാഥന്‍ ജീവനൊടുക്കി. കോട്ടയം കുടയംപടിയില്‍ അഭിരാമത്തില്‍ കെ.സി ബിനുവാണ് മരിച്ചത്.
കോട്ടയം കുടയംപടിയില്‍ വ്യാപാര സ്ഥാപനം നടത്തിവരുകയായിരുന്ന ബിനു ബിസിനസ് ആവശ്യങ്ങൾക്കായി അഞ്ച് ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. കർണാടക ബാങ്കിൽ നിന്നാണ് ലോൺ എടുത്തത്.
എന്നാൽ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ബാങ്ക് മാനേജരും ജീവനക്കാരും ബിനുവിന്‍റെ വ്യാപാര സ്ഥാപനത്തിലെത്തി ഭീഷണിപ്പെടുത്തി. ബാങ്ക് മാനേജർ പ്രദീപിന്‍റെ നിരന്തര ഭീഷണിയെ തുടർന്ന് മാനസികമായി ബിനു ഏറെ തളർന്നിരുന്നു. ഇതെ തുടർന്നാണ് ബിനു ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.
ബിനുവിന്‍റെ കുടുംബം കർണാടക ബാങ്ക് മനേജര്‍ പ്രദീപിനെതിരെ പൊലീസില്‍ പരാതി നല്‍കി. രണ്ട് മാസത്തെ കുടിശ്ശിക അടച്ചു തീര്‍ത്തിട്ടും ഭീഷണി തുടര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു.
ഇതേ ബാങ്കിൽ നിന്ന് നേരത്തെയും രണ്ട് തവണ ലോൺ എടുത്തിരുന്നു. കൃത്യമായി ആ തുക തിരിച്ചടക്കുകയും ചെയ്തു. എന്നാൽ ഇത്തവണ കച്ചവടം മോശമായതിനാൽ രണ്ട് മാസത്തെ കുടിശിക വെെകി പോയി.
കുടിശിക വെെകിയതിനെ തുടർന്ന് ബാങ്ക് ജീവനക്കാർ കടയിലും വീട്ടിലുമെത്തി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇന്നലെയും ബാങ്കിൽ നിന്നും ആളുകളെത്തിയിരുന്നു. അവർ പോയതിനു പിന്നാലെയാണ് ഗൃഹനാഥൻ ആത്മഹത്യ ചെയ്തത്.