കോട്ടയം: ജീവിതവിജയത്തിന്റെ തന്ത്രങ്ങളും വഴികളും പറഞ്ഞു പറഞ്ഞ് മണിമല സ്വദേശി ബിനു കണ്ണന്താനം ഗിന്നസ് റിക്കാർഡിലേക്ക്. ഉറക്കമില്ലാതെ നടത്തിവന്ന 77 മണിക്കൂർ തുടർപ്രസംഗം ഇന്നലെ ഉച്ചയോടെ പൂർത്തിയായപ്പോൾ സദസ് അഭിനന്ദനവുമായി ഓടിയെത്തി. പേഴ്സണാലിറ്റി ട്രെയിനറും വാഗ്മിയുമായ ബിനു കണ്ണന്താനം വൈകാതെ ഗിന്നസ് ബുക്കിൽ ഇടംപിടിക്കും.
മുതിരയും പാഷൻഫ്രൂട്ടുമായിരുന്നു പ്രസംഗം തുടങ്ങിയ ദിവസം മുതൽ ഇന്നലെ വരെ ഇടവേളകളിലെ ആഹാരം. ഏഴു വർഷം നീണ്ട കഠിന പരിശ്രമത്തിന്റെ ഫലമാണ് ഇന്നലെ തെള്ളകം ചൈതന്യ സെന്ററിലെ വേദിയിൽ കണ്ടത്. ‘ജീവിതവിജയം എങ്ങനെ കരസ്ഥമാക്കാം’ എന്ന വിഷയത്തെക്കുറിച്ചായിരുന്നു പ്രസംഗം.
പത്താം ക്ലാസ് വരെ സ്റ്റേജിൽ കയറാൻ ഭയപ്പെട്ടിരുന്ന ബിനുവിന് അധ്യാപകൻ പ്രഫ. ആചാരി എൻഎസ്എസ് ക്യാന്പ് വിലയിരുത്താൻ നൽകിയ സന്ദർഭം മികച്ചതാക്കിയാണു പ്രസംഗകലയുടെ തുടക്കം. പിന്നീടു മൈക്ക് പ്രിയപ്പെട്ട സുഹൃത്തായി മാറി. 45 രാജ്യങ്ങൾ സന്ദർശിച്ച അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിലായിരുന്നു ബിനുവിന്റെ പ്രഭാഷണം.
നാലു പകലും മൂന്നു രാത്രിയും പ്രസംഗിച്ചു. ഇനിയും 100 മണിക്കൂർ നിർത്താതെ പ്രസംഗിക്കാനുള്ള ധൈര്യമുണ്ടെന്നും ബിനു പറഞ്ഞു. പ്രസംഗത്തിൽ ഒരു മണിക്കൂറിന് അഞ്ച് മിനിട്ട് വിശ്രമം എന്നാണ് നിയമം. തുടർച്ചയായ 13 മണിക്കൂറിനു ശേഷമാണ് ആദ്യ ഇടവേള എടുത്തത്. മറ്റൊരു റിക്കാർഡാണ് വിശ്രമമില്ലാതെ 13 മണിക്കൂർ പ്രസംഗിച്ചുവെന്നത്. ഏഴു മിനിട്ട് മാത്രം എടുത്ത ആദ്യ ഇടവേളയിൽ കഴിച്ചതു മുതിരയായിരുന്നു.
ഗുജറാത്ത് സ്വദേശി അശ്വിൻ സുഡാനിയുടെ 75 മണിക്കൂർ 35 മിനിട്ട് എന്ന റിക്കാർഡ് മറികടന്നാണ് ബിനു ലോകതാരമായി മാറിയത്. പരിപാടിയിൽ അമ്മ ത്രേസ്യാമ്മ കണ്ണന്താനവും ഭാര്യ സിനിയും മക്കളായ ആശയും അമലയും അഭിനവും ഒപ്പമുണ്ടായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് തെള്ളകം ചൈതന്യ പാസ്റ്റർ സെന്ററിൽ നടന്ന സമാപന സമ്മേളനം മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്തു. ജില്ലാ കളക്ടർ ബി.എസ്. തിരുമേനി, ചൈതന്യ പാസ്റ്ററൽ സെന്റർ ആൻഡ് സെക്രട്ടറി ഫാ. സുനിൽ പെരുമാനൂർ, തെള്ളകം പുഷ്പഗിരി പള്ളി വികാരി ഫാ. തോമസ് കന്പിയിൽ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സുരേഷ് റിച്ചാർഡ്, പ്രഫ. ആചാരി, സിപിഐ ജില്ലാ സെക്രട്ടറി ശശിധരൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഐ.പി. ജോസ്വിൻ തുടങ്ങിയവർ പങ്കെടുത്തു.