ചിരിപ്പിച്ചും ചിന്തിപ്പിച്ചും തന്റെ അഭിനയ ശൈലിയില്‍ ഇന്നും പ്രേക്ഷക മനസു കീഴടക്കുന്ന അനശ്വര നടനാണ് കുതിരവട്ടം പപ്പു. അദ്ദേഹം മരിച്ചു രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോഴും ആ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു.
അദ്ദേഹം പകര്‍ന്നു നല്കിയ പൈതൃകവഴിയില്‍ ഇപ്പോൾ വിസ്മയം സൃഷ്ടിക്കുകയാണ് മകന് ബിനു പപ്പു.
പോയ വാരം ഒടിടി പ്ലാറ്റ്ഫോമിലെത്തി ഏറെ പ്രശംസ പിടിച്ചുപറ്റിയ ഓപറേഷന് ജാവയിലെ പോലീസ് കഥാപാത്രത്തിലൂടെ മലയാളത്തില്‍ തന്റേതായ മേല്‍വിലാസം ഈ മകനും കുറിച്ചിട്ടു കഴിഞ്ഞു.
പിതാവിനോടു പ്രേക്ഷകര്‍ക്കും സിനിമാ ലോകത്തിനുമുള്ള സ്നേഹം തിരിച്ചറിയുന്ന ബിനു പപ്പു, അതുകൊണ്ടുതന്നെ കാമറയുടെ മുന്നിലും പിന്നണിയിലും ഒരുപോലെ സജീവമാണ്. അഭിനയത്തിനൊപ്പം സംവിധാനത്തിലും കയ്യൊപ്പു ചാര്‍ത്താനൊരുങ്ങുകയാണ് അച്ഛന്റെ ഈ മകന്…
ഒരു നടന്റെ മകന് സിനിമയിലേക്കെത്തുന്നതിന്റെ കോലാഹലങ്ങളൊന്നുമില്ലാതെ വളരെ നിശബ്ദനായാണ് താങ്കള്‍ സിനിമയിലെത്തുന്നത്. ആ യാത്ര എങ്ങനെയായിരുന്നു?
സത്യത്തില്‍ സിനിമയിലേക്കു ഞാനെത്തുമെന്നു കരുതിയതല്ല. ഡിഗ്രി പഠനം പൂര്‍ത്തിയാക്കി ബാംഗ്ലൂരിലെത്തി. വിവാഹത്തിനു ശേഷം അവിടത്തന്നെ സെറ്റിലായി. അച്ഛന് മരിച്ചു 13 വര്‍ഷം കഴിഞ്ഞാണ് ഞാന്‍ സിനിമയിലെത്തുന്നത്.
2013 ല്‍ ഗുണ്ടാ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് സംവിധായകന് ആഷിഖ് അബുവിന്റെ ഗ്യാങ്സ്റ്റർ, റാണി പത്മിനി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മായാനദി, വൈറസ് തുടങ്ങിയ ചിത്രങ്ങളിലും ആഷിഖ് അബുവിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു.
ഗപ്പി, അമ്പിളി, ഹലാല്‍ ലൗവ് സ്റ്റോറി, വണ്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധാന മേഖലയിലും പ്രവര്‍ത്തിച്ചു. അഭിനയത്തേക്കാള്‍ കൂടുതല്‍ കാമറയ്ക്കു പിന്നിലായിരുന്നു എന്റെ ഇടം. അവസരം കിട്ടിയ ചിത്രത്തില്‍ അഭിനയിച്ചെന്നതിനപ്പുറം അതിനുവേണ്ടി ശ്രമിച്ചിരുന്നില്ല എന്നു പറയാം.
സമീപകാലത്താണോ അഭിനയ മേഖലയില്‍ സജീവമായത്?
കുറച്ചു സിനിമകളില്‍ മാത്രമാണ് ഞാന്‍ അഭിനയിച്ചത്. അതിലും മുഴുനീള വേഷം ചെയ്ത ചിത്രങ്ങളുടെ എണ്ണം കുറവാണ്. റാണി പത്മിനി, സഖാവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മുഴുനീള വേഷം ചെയ്ത ചിത്രം ഓപറേഷന് ജാവയാണ്. ഇതിനിടയില്‍ ഹെലനിലെ പോലീസ് കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലോക്ഡൗണി നു ശേഷം തിയറ്റര്‍ തുറന്നപ്പോള്‍ ഒരുപാട് വെല്ലുവിളികള്‍ക്കിടയിലാണ് ഓപറേഷൻ ജാവ തിയറ്ററിലെത്തിയത്. ആ സമയത്തും 75 ദിവസം പ്രദര്‍ശന വിജയം നേടിയത് വലിയ കാര്യമായിരുന്നു.
ഇപ്പോള്‍ മിനിസ്ക്രീനിൽ ചിത്രം എത്തിയപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നു, മികച്ച അഭിപ്രായം നേടുന്നു എന്നത് വലിയ സന്തോഷം നല്കുന്ന കാര്യമാണ്.
നടന് കുതിരവട്ടം പപ്പുവിന്റെ മകന് എന്ന മേല്‍വിലാസം സിനിമയില്‍ തണലായി മാറിയോ?
എന്റെ മേല്‍വിലാസം വലിയ കരുത്താണ്. സത്യന് മാസ്റ്ററിനൊപ്പം ആരംഭിച്ച് കുഞ്ചാക്കോ ബോബന്റെ തുടക്കകാലംവരെ 36 വര്‍ഷം അച്ഛന് സിനിമയിലുണ്ടായിരുന്നു. ഇപ്പോള്‍ സിനിമയിലുള്ള സീനിയറായ ആളുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് അച്ഛന്.
അവര്‍ക്ക് അച്ഛനോടുള്ള സ്നേഹവും വാത്സല്യവും പലയിടങ്ങളിലും എനിക്കും അനുഭവിച്ചറിയാനാകുന്നുണ്ട്. അത് എവിടെയും നമുക്കൊരിടം നേടിത്തരുന്നുണ്ട്. അതു വലിയൊരു ഭാഗ്യമാണ്.
അച്ഛന്റെ പേരുപയോഗിച്ചു സിനിമയിലെത്താന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അതു വലിയ ഉത്തരവാദിത്വം നമുക്കു നൽകുമെന്നതാണ് കാരണം. ജനങ്ങളുടെ ഇഷ്ടം നേടിയ നടനാണ് അച്ഛൻ.
അച്ഛന്റെ പേരുപയോഗിച്ചു ഞാനെത്തുമ്പോള്‍ അവരുടെ പ്രതീക്ഷയ്ക്കൊത്തു ഞാനുയരണം. നമ്മുടെ കഴിവ് എന്താണെന്നു കാട്ടി ഇതാണ് ഞാനെന്നു പറയാനാണ് എനിക്കിഷ്ടം.
അച്ഛനൊപ്പം അഭിനയിച്ച മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള സീനിയര്‍ താരങ്ങളുടെ സമീപനം എങ്ങനെയാണ്?
വാര്‍ത്ത എന്ന ചിത്രം കോഴിക്കോട്ടു ഷൂട്ട് ചെയ്യുന്ന സമയത്ത് എന്റെ പിറന്നാള്‍ ദിവസം മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്മാൻ, സീമ, നളിനി തുടങ്ങിയ വലിയ താരനിരയാണ് വീട്ടിലെത്തിയത്. അച്ഛനുമായി അവര്‍ക്ക് അത്രമാത്രം അടുത്ത ബന്ധമുണ്ടായിരുന്നു. ആ സ്നേഹം അവരൊക്കെ എനിക്കും തരുന്നുണ്ട്.
കുട്ടിക്കാലം മുതല്‍ കാണുന്നതാണ് അവരെയൊക്കെ. മമ്മൂക്കയ്ക്കൊപ്പം ഗ്യാങ്സ്റ്റര്‍, പുത്തന്‍പണം, പരോള്‍, വണ്‍ എന്നീ ചിത്രങ്ങളില്‍ ഞാനും അഭിനയിച്ചു. ഒരു മകനോടെന്ന പോലെ വാത്സല്യവും സ്നേഹവുമാണ് അദ്ദേഹം നല്‍കുന്നത്.
ലാലേട്ടനൊപ്പം ലൂസിഫറിലാണ് വര്‍ക്കു ചെയ്തത്. തിരുവനന്തപുരത്തു ലൂസിഫറിന്റെ ലൊക്കേഷനിലെത്തിയപ്പോള്‍ പൃഥ്വിരാജാണ് ലാലേട്ടന് എന്നെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്. ‘പഴയ ആളു തന്നെ.
മീശയൊക്കെവച്ച് അങ്ങനെ തന്നെ വലുതായല്ലോ’ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അവരുടെയൊക്കെ മനസില്‍ പഴയ ബന്ധവും സ്നേഹവും ഇപ്പോഴുമുണ്ട്. അച്ഛനൊപ്പം വര്‍ക്കു ചെയത സീനിയറായ എല്ലാവരില്‍നിന്നും അതെനിക്കു ലഭിക്കാറുണ്ട്.
അച്ഛനെക്കുറിച്ചുള്ള ചെറുപ്പകാലത്തു ഷൂട്ടിംഗ് ഓര്‍മകൾ?
വെക്കേഷന് സമയത്ത് അച്ഛനൊപ്പം ഷൂട്ടിംഗ് ലൊക്കേഷനിലേക്കു ഞാനും പോകാറുണ്ടായിരുന്നു. സിനിമയിലേക്കു വരണം, ഒരു നടനാകണം എന്നൊന്നും ഒരിക്കലും അച്ഛന് ഞങ്ങള്‍ മൂന്നു മക്കളോടും പറഞ്ഞിട്ടില്ല. നിങ്ങള്‍ പഠിക്കുക. നിങ്ങള്‍ക്കെന്താണോ ആകേണ്ടത്, അതു തിരിച്ചറിയുക എന്നതായിരുന്നു അച്ഛന്റെ ഉപദേശം.
ചേട്ടനു കലയോട് അത്ര ആഭിമുഖ്യം ഉണ്ടായിരുന്നില്ല. ചേച്ചി പഠന കാലത്ത് നാടകത്തിലും നൃത്തത്തിലുമൊക്കെ സജീവമായിരുന്നു. അതൊരിക്കലും സിനിമയിലേക്കുള്ള അവസരമാക്കി മാറ്റാന്‍ അച്ഛന് തുനിഞ്ഞില്ല.
പിന്നെ, വെക്കേഷന് സമയത്ത് അച്ഛന്റെ നാടക ട്രൂപ് അക്ഷര തിയേറ്റേഴ്സിന്റെ നാടകങ്ങളിലൊക്കെ ഞാനും അഭിനയിച്ചിരുന്നു. സ്കൂൾ, കോളജ് കാലത്തെ നാടകാഭിനയത്തിനൊക്കെ അതെന്നെ തുണച്ചിട്ടുണ്ട്.
നടനായും അച്ഛനായുമുള്ള സ്വാധീനം എങ്ങനെ ഓര്‍ക്കുന്നു
അച്ഛന്റെ സിനിമകളും കോമഡികളും എനിക്കിഷ്ടമാണ്. അതിനപ്പുറത്തേക്ക് അച്ഛന് എന്ന നടന് എന്ന സ്വാധീനിച്ചു എന്നു പറയാനാകില്ല. സിനിമയിലേക്കെത്തിയപ്പോഴും അച്ഛന് അഭിനയിക്കുന്നതു പോലെ ചെയ്യണം എന്നു തോന്നിയിട്ടില്ല. അതിനു സാധിക്കില്ലെന്നതാണ് പ്രധാന കാരണം.
നമ്മുടേതായ രീതിയില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ ചെറുപ്പത്തില്‍ അച്ഛന് വീട്ടിലുള്ളത് കുറവായിരുന്നു. അക്കാലത്തു ചെന്നൈയായിരുന്നു സിനിമയുടെ തട്ടകം. വീട്ടിലെ ആഘോഷ സമയങ്ങളിലൊക്കെ അച്ഛന് ഷൂട്ടിംഗ് ലൊക്കേഷനിലായിരിക്കും.
അതുകൊണ്ടുതന്നെ അച്ഛന് വീട്ടിലെത്തുമ്പോഴായിരുന്നു ആഘോഷം. ഒരു നടനെന്ന വിശേഷണം വീട്ടിലും നാട്ടിലും അച്ഛനുണ്ടായിരുന്നില്ല. ജനിച്ചു വളര്‍ന്ന നാട്ടില്‍ അച്ഛന് വളരെ സാധാരണക്കാരനായിരുന്നു.
അച്ഛന്റെ ശൈലിയും അഭിനയവും പാഠമാക്കാറുണ്ടോ?
മറ്റൊരാളെപ്പോലെ നമുക്കു മാറാനാകില്ല. അച്ഛന് മാത്രമല്ല, ഓരോ നടനെയും നോക്കി പഠിക്കാന്‍ ശ്രമിക്കാറുണ്ട്. ഒരു സീനില്‍ അവര്‍ എങ്ങനെയാണ് മാനറിസങ്ങളെ പ്രകടമാക്കിയത്, അഭിനയിച്ചത്, ശരീരഭാഷ എന്തായിരുന്നു എന്നൊക്കെയുള്ള റഫറന്‍സ് മാത്രമാക്കി മാറ്റും.
മലയാള സിനിമയും അവിടുള്ള ഏറ്റവും മികച്ച പ്രതിഭകളെയുമാണ് നമ്മള് കണ്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ ഒരു നടന് എന്ന നിലയില്‍ നമ്മുടെ സിനിമാ മേഖലയെക്കാള്‍ മികച്ച വേറൊരു സ്കൂളില്ല.
പതിവായി പോലീസ് വേഷങ്ങള്‍ മാത്രം തേടിവരുന്നതായി തോന്നിയിട്ടുണ്ടോ?
സഖാവിലും ഓപറേഷന് ജാവയിലും പോലീസ് വേഷമായിരുന്നെങ്കിലും എനിക്കതു ഫീല്‍ ചെയ്തിട്ടില്ല. സഖാവില്‍ കുറച്ചു സീനില്‍ മാത്രമാണ് പോലീസ്. പിന്നീടെല്ലാം പ്രായമുള്ള കഥാപാത്രമാണ്. ഓപറേഷന് ജാവയില്‍ സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥനെങ്കിലും നല്ലൊരു സുഹൃത്തായ കഥാപാത്രമായിട്ടാണ ഫീല്‍ ചെയ്തിട്ടുള്ളത്.
വേറിട്ട കഥാപാത്രങ്ങളെ ചെയ്യാനാണ് ഞാനും ശ്രമിക്കുന്നത്. ജയരാജ് സാറിന്റെ രൗദ്രം 2018 ല്‍ ടാക്സി ഡ്രൈവറായിരുന്നു. വൈറസില്‍ ഡോക്ടറും ഐസ് ഒരതിയില് റേഷന്‍ കടക്കാരനും. ഒടിടിയില്‍ റിലീസായ കച്ചിയില്‍ പത്ര ഓഫീസിലെ ജീവനക്കാരനാണ്.
ഇനി റിലീസാകാനുള്ളതില് ചാക്കോച്ചന്റെ ഭീമന്റെ വഴിയില്‍ ഓട്ടോ ഡ്രൈവറാണ്. ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട്, അന്താക്ഷരി, ഹിഗ്വിറ്റ തുടങ്ങിയ പുതിയ ചിത്രങ്ങളൊക്കെ മികച്ച പ്രതീക്ഷയാണ്.
ഉടനെ സംവിധായകനായുള്ള പ്രൊജക്ട് പ്രതീക്ഷിക്കാമോ?
2020 ൽ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള പദ്ധതിയിട്ടിരുന്നു. അപ്പോഴാണ് കോവിഡെത്തി പ്രശ്നം രൂക്ഷമാകുന്നത്. ഇനി എല്ലാമൊന്നു ശരിയായി കാര്‍മേഘമൊക്കെ നീങ്ങിയതിനു ശേഷം സംവിധാനത്തെക്കുറിച്ചു ചിന്തിക്കാമെന്നു കരുതുന്നു.
കുടുംബ വിശേഷം?
ഭാര്യ അഷിത അലക്സ്. ബംഗളൂരുവില്‍ ആര്‍ക്കിടെക്ടായി വര്‍ക്കുചെയ്യുന്നു.
ലിജിൻ കെ. ഈപ്പൻ