ചങ്ങനാശേരി: ക്രൂരമര്‍ദനത്തില്‍ കൊല്ലപ്പെട്ട ബിന്ദുകുമാറിന്റെ വാരിയെല്ലുകള്‍ തകര്‍ന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി പോലീസ്.
കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന മൃതദേഹപരിശോധനയുടെ ഫലം കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ചങ്ങനാശേരി എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസിന് കൈമാറിയിട്ടുണ്ട്.
വീട്ടില്‍ തയാറാക്കിവച്ചിരുന്ന ഭക്ഷണവും മദ്യവും കഴിക്കുന്നതിനിടയില്‍ പ്രതി മുത്തുകുമാര്‍ ബിന്ദുകുമാറിന്റെ പുറകില്‍നിന്ന് കഴുത്തിന് ചുറ്റിപ്പിടിക്കുകയും കൂട്ടുപ്രതികള്‍ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
കൊടിയ മര്‍ദനമേറ്റു നിലത്തുവീണ ബിന്ദുകുമാര്‍ മരിച്ചതായി പ്രതികള്‍ ഉറപ്പുവരുത്തി. നേരത്തെ വാങ്ങി വച്ചിരുന്ന തൂമ്പായും സമീപത്തെ വീട്ടില്‍നിന്ന് എടുത്തുകൊണ്ടുവന്ന കമ്പിപ്പാരയും ഉപയോഗിച്ച് അടുക്കളയോടു ചേര്‍ന്നുള്ള ഷെഡില്‍ പ്രതികള്‍ രണ്ടര അടി താഴ്ചയില്‍ കുഴിയെടുത്തു.
മുത്തുകുമാറും കൂട്ടുപ്രതികളായ രണ്ടുപേരും ചേര്‍ന്ന് മൃതദേഹം കുഴിച്ചുമൂടി. ഇതിനുശേഷം നേരത്തെ കരുതിവച്ചിരുന്ന സിമന്റ് ഉപയോഗിച്ച് സംശയംതോന്നാത്തവിധം തറതേച്ച് വെടിപ്പാക്കി.
സിമന്റ് തൃക്കൊടിത്താനം മുക്കാട്ടുപടിയിലുള്ള കടയില്‍നിന്നും തേക്കുവാനുപയോഗിച്ച കരണ്ടി ചങ്ങനാശേരി മാര്‍ക്കറ്റ് റോഡിലെ കടയില്‍നിന്നും വാങ്ങിയതായി പിടിയിലായ പ്രതി മുത്തുകുമാര്‍ പോലീസിനോട് പറഞ്ഞു.
വീടിനുള്ളില്‍നിന്ന് ഒഴിഞ്ഞ മദ്യകുപ്പികളും വെള്ളം നിറക്കുന്ന കുപ്പിയും ആഹാരാവശിഷ്ടങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കൃത്യത്തിനു മുത്തുകുമാറിനെ സഹായിച്ച രണ്ടുപേര്‍ ഒളിവിലാണെന്നും ഇവര്‍ ഉടന്‍ വലയിലാകുമെന്നും പോലീസ് പറഞ്ഞു.
കേസ് അന്വേഷണത്തിന് കോട്ടയം ജില്ലയിലെ സിഐമാരെയും എസ്ഐമാരെയും ഉള്‍പ്പെടുത്തി 20 അംഗ സ്ക്വാഡ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് രൂപീകരിച്ചതായി ചങ്ങനാശേരി ഡിവൈഎസ്പി സി. ജി. സനല്‍കുമാര്‍ പറഞ്ഞു.