വൈപ്പിൻ: സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്നവരുടെ ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവ്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് എല്ലാ തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കും ലഭിച്ചിട്ടുണ്ട്. ഗുണഭോക്താവ് മരിച്ചു പോയിട്ടും കുടുംബാംഗങ്ങൾ പലരും വീണ്ടും പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കാർ ബയോമെട്രിക് മസ്റ്ററിംഗ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
സംസ്ഥാനത്ത് 46,89,419 പേരാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നത്. ഇതിൽ അഞ്ചു ശതമാനത്തോളം വരുന്ന 2,34,470 ഗുണഭോക്താക്കൾ മരിച്ചിട്ടും പെൻഷൻ കൈപ്പറ്റുന്നുണ്ടത്രേ. മസ്റ്ററിംഗിനായി ജീവൻ രേഖ എന്ന സോഫ്ട്വേർ തയാറായിട്ടുണ്ട്. പ്രാദേശികമായിട്ടുള്ള അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് മസ്റ്ററിംഗ് നടത്തുക. ഈ മാസം 30 വരെ എല്ലാ വിഭാഗങ്ങളിലേയും ഗുണഭോക്താക്കൾക്ക് അക്ഷയകേന്ദ്രങ്ങളിൽ എത്തി സൗജന്യമായി മസ്റ്ററിംഗ് നടത്താം.
കിടപ്പ് രോഗികൾക്ക് അടുത്തമാസം ഒന്ന് മുതൽ അഞ്ചുവരെ വീടുകളിലെത്തി മസ്റ്ററിംഗ് ചെയ്യിപ്പിക്കും. ഇതിനായി പെൻഷനറുടെ പേര്, നന്പർ, വിലാസം, ഫോണ് നന്പർ സഹിതം ഈ മാസം 30നു മുന്പായി ബന്ധപ്പെട്ട തദേശ സ്വയംഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു. മസ്റ്ററിംഗ് നടത്താത്തവർക്ക് അടുത്ത ഗഡുമുതൽ പെൻഷൻ വിതരണം ചെയ്യില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.