സ്വന്തം ലേഖകൻ
തൃശൂർ: വിമാനങ്ങളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള വാക്വം ഫ്ളഷിംഗ് ബയോ ടോയ്ലറ്റുകൾ ട്രെയിനുകളിലെ കോച്ചുകളിൽ സ്ഥാപിക്കുന്നു.
നിലവിലുള്ള ബയോ ടോയ്ലറ്റുളിലെ ടാങ്കുകളിൽ നിന്ന് മാലിന്യം പുറത്തേക്ക് തള്ളുന്ന രീതിയാണുള്ളത്. ഇത് വലിയ രീതിയിൽ നാറ്റമുണ്ടാക്കുന്ന സാഹചര്യമുണ്ട്.
അതിനെല്ലാം പരിഹാരമായാണ് വിമാനങ്ങളിൽ ഉപയോഗിക്കുന്ന ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്.പരീക്ഷണാടിസ്ഥാനത്തിൽ 1372 എൽഎച്ച്ബി കോച്ചുകളിൽ വാക്വം ബയോ ടോയ്ലറ്റുകൾ സ്ഥാപിച്ചിരുന്നു.
ഇതു വിജയമാണെന്നു കണ്ടതോടെയാണ് കൂടുതൽ ട്രെയിനുകളിൽ ഈ സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചത്. 8500 കോച്ചുകളിലാണ് പുതിയ വാക്വം ടോയ്ലറ്റുകൾ സ്ഥാപിക്കുക.
വാക്വം ടോയ്ലറ്റുകൾ സ്ഥാപിക്കുന്നതോടെ ട്രെയിനുകളിലെ ടോയ്ലറ്റുകളും ഏറ്റവും വൃത്തിയുള്ളതായി മാറും. ഇതിനു പുറമേ ദിവസവും ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഉപയോഗിക്കേണ്ടി വരില്ലെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
വെള്ളമില്ലാത്ത പ്രശ്നം റെയിൽവേക്ക് പലപ്പോഴും വെല്ലുവിളിയാകാറുണ്ട്. ടോയ്ലറ്റുകളിൽ വെള്ളത്തിന്റെ ഉപയോഗം കുറയുന്നതോടെ മറ്റാവശ്യങ്ങൾക്ക് വെള്ളം ആവശ്യത്തിന് ലഭിക്കുകയും ചെയ്യും.
നിലവിൽ ഉള്ള ബയോ ടോയ്ലറ്റുകളിൽ തന്നെ വെള്ളം ഉപയോഗിക്കുന്നതിനാൽ ടാങ്ക് പെട്ടന്ന് നിറയുകയും വിജനമായ സ്ഥലത്തു വച്ച് അത് തള്ളുകയുമാണ് ചെയ്യുന്നത്.
ഇത് ട്രാക്കിൽ വൃത്തികേടുണ്ടാക്കുകയും നാറ്റം വ്യാപകമാക്കുകയും ചെയ്യും. ഇതെല്ലാം ഒഴിവാക്കാൻ വാക്വം ബയോ ടോയ്ലറ്റുകൾ കൊണ്ട് സാധിക്കും.
പക്ഷേ കൂടുതൽ ദൂരം ഓടുന്ന ട്രെയിനുകളിൽ എത്രയും പെട്ടന്ന് ഈ ടോയ്ലറ്റുകൾ സ്ഥാപിക്കാനുള്ള സംവിധാനമാണ് ആദ്യം ഉണ്ടാക്കേണ്ടതെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.