ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ പുല്ലിന് തീ പിടിച്ചത് കണ്ട ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ മൂലം ബയോഗ്യാസ് പ്ലാന്റ് വരെ എത്തിയ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. ബയോഗ്യാസ് പ്ലാന്റിന് തീ പിടിച്ചിരുന്നുവെങ്കിൽ അത് വലിയ ദുരന്തത്തിന് വഴി തെളിക്കുമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ഗൈനക്കോളജി കെട്ടിട്ടത്തിന്റെ മുൻവശത്ത് പ്ലാസ്റ്റിക് കവറിൽ നിറച്ച ആശുപത്രി മാലിന്യങ്ങൾ കുഴിച്ച് മൂടുന്ന സ്ഥലത്താണ് തീ പിടിച്ചത്.
ഈ സ്ഥലത്തെ പുല്ലിന് തീപിടിച്ച് ആളിപ്പടരുകയായിരുന്നു. ഈ സമയം സെൻട്രൽ ലാബിലെ ഒരു ജീവനക്കാരനായ പി.കെ ഷാജി മറ്റൊരാവശ്യത്തിന് ഇവിടേയ്ക്ക് വരുന്പോഴാണ് തീ പടർന്ന് പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അധികൃതരെ അറിയിക്കുകയും മറ്റ് ജീവനക്കാരെയും രോഗികളുടെ കൂട്ടിരിപ്പുകാരെയും കൂട്ടി തീ അണയ്ക്കുകയുമായിരുന്നു.
ആശുപത്രിയിലെ ആഹാരമാലിന്യം സംസ്കരിക്കുന്ന ബയോഗ്യാസ് പ്ലാന്റിനു സമീപം അഞ്ചു മീറ്റർ അകലെ വരെ തീ പടർന്ന് എത്തിയിരുന്നു. അല്പം കൂടി മാറിയിരുന്നെങ്കിൽ ഈ പ്ലാന്റിന് തീപിടിക്കുകയും വലിയൊരു ദുരന്തം ഉണ്ടാകുകയും ചെയ്യുമായിരുന്നു. ജീവനക്കാരന്റെ സമയോചിത ഇടപെടൽ മൂലമാണ് ഒരുവൻ ദുരന്തം ഒഴിവായതെന്ന് അധികൃതർ പറഞ്ഞു.